ഡിജിറ്റൽ യുഗത്തിന്റെ ഏകാന്തതയിൽ നിന്ന് ദേവാലയങ്ങളിലേക്ക്; പാശ്ചാത്യ ലോകത്തെ അമ്പരപ്പിച്ച് ജെൻ സി തലമുറയുടെ ആത്മീയ വിപ്ലവം!
ലോകം ഇതുവരെ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും സങ്കീർണ്ണവും എന്നാൽ വലിയ സ്വാധീനശക്തിയുമുള്ള തലമുറയായി Gen Z മാറിക്കഴിഞ്ഞു. ഡിജിറ്റൽ യുഗത്തിൽ ജനിച്ചുവളർന്ന ഈ തലമുറ (Gen Z എന്നാൽ 1997-2012 കാലത്ത് ജനിച്ചവർ) ലോകത്തിന്റെ ഇരുവശങ്ങളിലും രണ്ട് വ്യത്യസ്ത രീതിയിലുള്ള വിപ്ലവങ്ങൾക്കാണ് ഇപ്പോൾ നേതൃത്വം നൽകുന്നത്. പടിഞ്ഞാറൻ രാജ്യങ്ങളിൽ അവർ സമാധാനകാംക്ഷികളായി ദേവാലയത്തിലേക്കും ആത്മീയതയിലേക്കും നടന്നടുക്കുമ്പോൾ ഏഷ്യയിൽ അവരുടെ നേതൃത്വത്തിൽ സായുധപോരാട്ടത്തിലൂടെ പതിറ്റാണ്ടുകൾ പഴക്കമുള്ള രാഷ്ട്രീയവും സർക്കാരുകളും നിലംപരിശാകുന്നു.
♦️ പടിഞ്ഞാറൻ രാജ്യങ്ങൾ നിശ്ശബ്ദമായ ഉണർവിലേക്ക്അമേരിക്കയും യൂറോപ്പും ഉൾപ്പെടെയുള്ള പാശ്ചാത്യനാടുകളിൽ ദശകങ്ങളായി നിലനിന്നിരുന്ന ആത്മീയതളർച്ചയ്ക്ക് അന്ത്യം കുറിച്ചുകൊണ്ട് യുവതലമുറ ആരാധനാലയങ്ങളിലേക്കു മടങ്ങിയെത്തുന്നതായിട്ടാണ് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്. “നിശ്ശബ്ദമായ ഉണർവ്” (The Quiet Revival) എന്നാണ് ഗവേഷകർ ഈ പ്രതിഭാസത്തെ വിളിക്കുന്നത്. പടിഞ്ഞാറൻ രാജ്യങ്ങളിൽ മുതിർന്നവരേക്കാൾ ആത്മീയകാര്യങ്ങളിൽ യുവജനങ്ങൾ സജീവമാകുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദശകങ്ങളായി ആരാധനാലയങ്ങളിൽ നിന്ന് അകന്നുനിന്നിരുന്ന യുവതലമുറ ആത്മീയതയിലേക്കു തിരിച്ചുവരുന്നത് പാശ്ചാത്യ ലോകത്തെ അമ്പരപ്പിക്കുകയാണ്. അമേരിക്കയിലെ പ്രശസ്ത ഗവേഷണ സ്ഥാപനമായ “ബർണ ഗ്രൂപ്പ്” പുറത്തുവിട്ട ‘സ്റ്റേറ്റ് ഓഫ് ദി ചർച്ച്’ (Barna Group: State of the Church -2025) റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം
അമേരിക്കയിൽ പള്ളിയിൽ പോകുന്ന യുവതി -യുവാക്കളുടെ എണ്ണം മുതിർന്നവരുടെ എണ്ണത്തേക്കാൾ കൂടുതലാണ്. മുതിർന്നവർ മാസത്തിൽ ശരാശരി 1.4 തവണ പള്ളിയിൽ പോകുമ്പോൾ Gen Z-കളിൽ ഇത് 1.9 തവണയാണ്. ഈ കണക്ക് ആരേയും അതിശയിപ്പിക്കുന്നതാണ്.
ബൈബിൾ സൊസൈറ്റി ബ്രിട്ടനിൽ നടത്തിയ പഠനത്തിൽ കണ്ടത് വളരെ ശ്രദ്ധേയമായ കാര്യങ്ങളാണ്. ഇംഗ്ലണ്ടിലും വെയ്ൽസിലും 18-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ വെറും നാല് ശതമാനമായിരുന്നു 2018-ൽ പള്ളികളിൽ പോയിരുന്നത്. എന്നാൽ, 2024-ലെ പഠന റിപ്പോർട്ടു പ്രകാരം അതു 16 ശതമാനമായി വർദ്ധിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത് (Bible Society UK: The Quiet Revival Report)
നോർത്തേൺ അയർലൻഡിൽ “അയോണ ഇൻസ്റ്റിറ്റ്യൂട്ട്” നടത്തിയ പഠനത്തിൽ പറയുന്നത് 18-24 വയസ്സിനിടയിലുള്ളവരിൽ ആത്മീയതയോടുള്ള താല്പര്യം 30 ശതമാനമായി ഉയർന്നിട്ടുണ്ട് എന്നാണ്. (Iona Institute: Gen Z Faith Poll) ഫിൻലൻഡ്, ഫ്രാൻസ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ “യൂറോപ്യൻ യൂത്ത് പോർട്ടൽ ന്യൂസ്” (European Youth Portal News) നൽകുന്ന വിവരങ്ങളിൽ പറയുന്നത് ഫ്രാൻസിലെ കത്തോലിക്കാ സഭയിൽ മാമോദീസ സ്വീകരിക്കുന്ന യുവാക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി എന്നാണ്. കൂടാതെ, ഫിൻലൻഡിലെ ലൂഥറൻ പള്ളികളിൽ ‘സ്ഥിരീകരണ’ (Confirmation) ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി എന്നുമാണ്.
♦️മാറ്റത്തിന് പിന്നിലെ കാരണങ്ങൾവെറുമൊരു ആചാരം എന്നതിലുപരി സമാധാനത്തിനും അർത്ഥവത്തായ സാമൂഹിക ബന്ധങ്ങൾക്കും വേണ്ടിയുള്ള യുവജനങ്ങളുടെ അന്വേഷണമാണ് സഭകളെ ഇന്ന് സജീവമാക്കുന്നത്. യുവജനത ആത്മീയതയിലേക്കു തിരിയുന്നതിനുള്ള കാരണമായി ഗവേഷകർ കണ്ടെത്തുന്നത് പ്രധാനമായും മൂന്ന് കാരണങ്ങളാണ്:
ഒന്നാമതായി, കോവിഡ് മഹാമാരിക്ക് ശേഷമുള്ള ലോകത്ത് “ജീവിതത്തിന്റെ അർത്ഥം എന്ത്” എന്ന ചോദ്യം യുവജനതയെ വല്ലാതെ അലട്ടുന്നുവെന്നും ഈ സംഘർഷത്തിന് പരിഹാരമായി ആത്മീയതയിലാണ് അവർ ഉത്തരം കണ്ടെത്തുന്നതെന്നും കണക്കാക്കുന്നു.
രണ്ടാമതായി, ഡിജിറ്റൽ ലോകത്തെ ഏകാന്തതയിൽ നിന്ന് മാറി, നേരിട്ടുള്ള ബന്ധങ്ങളും കമ്മ്യൂണിറ്റിയുടെ പിന്തുണയും തേടിയുള്ള അന്വേഷണം അവരെ ദേവാലത്തിലാണ് എത്തിക്കുന്നത് എന്നതാണ്.
മൂന്നാമതായി, ആധുനികലോകത്ത് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾക്കിടയിൽ കൂടുതൽ വ്യക്തതയുള്ളതും പൗരാണികവും സ്ഥായിയായതുമായ ആത്മീയതയോടും ആചാരങ്ങളോടുമുള്ള അവരുടെ താൽപര്യം വർദ്ധിക്കുന്നു എന്നാണ് ചൂണ്ടിക്കാണിക്കുന്നത്. കത്തോലിക്കാ -ഓർത്തഡോക്സ് സഭകളിലെ ഗൗരവമേറിയതും പൗരാണികവുമായ ആരാധനാക്രമങ്ങളോടാണ് (Tradition) പുതിയ തലമുറയ്ക്കു കൂടുതൽ താല്പര്യമെന്നു ”ന്യൂയോർക്ക് ടൈംസ്”, BBC തുടങ്ങിയ മാധ്യമങ്ങൾ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിരുന്നു.
ഈ പ്രവണത തുടരുകയാണെങ്കിൽ പാശ്ചാത്യരാജ്യങ്ങളിലെ ക്രൈസ്തവ സഭകളുടെ ചരിത്രഗതി മാറ്റിയെഴുതപ്പെടും. “സഭയുടെ മരണം പ്രവചിച്ചവർക്ക് തെറ്റിയിരിക്കുന്നു. ഇപ്പോൾ സഭകൾ കൂടുതൽ ചെറുപ്പമാവുകയും വൈവിധ്യമാർന്ന പശ്ചാത്തലത്തിൽ നിന്നുള്ളവർ സഭയിലേക്കു വരികയും ചെയ്യുന്നു,” എന്ന് ബൈബിൾ സൊസൈറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് പ്രൊഫ. പോൾ വില്യംസ് (Paul Williams, now CEO of Bible Society) പറഞ്ഞു.
“യുവാക്കൾ പള്ളിയിലെത്തുന്നത് വലിയൊരു അവസരമാണ്. എങ്കിലും വെറും സന്ദർശനം എന്നതിലുപരി അവരെ യഥാർത്ഥ ആത്മീയ ജീവിതത്തിലേക്കു നയിക്കുക എന്നത് വലിയ വെല്ലുവിളിയാണെന്നാണ് ബർണ ഗ്രൂപ്പ് സി.ഇ.ഒ ഡേവിഡ് കിന്നമൻ (David Kinnaman) അഭിപ്രായപ്പെട്ടത്. “സാധാരണയായി പ്രായമായവരാണ് പള്ളിയിൽ കൂടുതൽ സജീവമാകാറുള്ളത്. എന്നാൽ യുവാക്കൾ ഇത്രയധികം താല്പര്യം കാണിക്കുന്നത് അസാധാരണവും ആവേശകരവുമായ മാറ്റമാണ്” ബർണ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡാനിയൽ കോപ്ലാൻഡ് പറഞ്ഞു.
ഈ പുതിയ താല്പര്യം കേവലം ഒരു താൽക്കാലിക തരംഗമാണോ അതോ ആഴത്തിലുള്ള മാറ്റമാണോ എന്ന് സഭാ നേതൃത്വങ്ങൾ ഉറ്റുനോക്കുകയാണ്. യുവാക്കൾ പള്ളികളിലേക്ക് വരുന്നുണ്ടെങ്കിലും, അവരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും കൃത്യമായ മറുപടി നൽകാൻ സഭകൾക്ക് കഴിയണമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
കടപ്പാട് സീറോമലബാർ ന്യൂസ്