മക്കൾ പോകുന്ന വഴികളിൽ ഇടയ്ക്കിടെ അവരറിയാതെ പിന്തുടരുക

 
2333

മക്കൾ പോകുന്ന വഴികളിൽ ഇടയ്ക്കിടെ അവരറിയാതെ പിന്തുടരുക.

അരുതാത്തതൊന്നും കാണരുതേ എന്ന് പ്രാർത്ഥിച്ചിരിക്കണം.

അരുതാത്തതെന്തെങ്കിലും അഥവാ കണ്ടാൽ ക്ഷണം കോപമരുത്.

വല്ലാതെ നൊമ്പരപ്പെടുകയും ചെയ്യരുത്.

പങ്കാളിയോടും ഉറ്റ സുഹൃത്തുക്കളോടും വേണ്ടിവന്നാൽ ഒരു കൗൺസിലറോടും അത് പങ്കുവയ്ക്കുക.

വഴികൾ നൂറായിരം ഉണ്ടെന്ന് തിരിച്ചറിയുക.

ഉള്ളിൽ നിന്നും കുറ്റിയിട്ട മുറികളിൽ പുറത്തുനിന്നും ഇടക്കിടെ മുട്ടിവിളിക്കാൻ മടിക്കണ്ട.

അവർ അസ്വസ്ഥരായിക്കോട്ടെ.

എങ്കിലും നീണ്ട ഇടവേളകളിൽ അടച്ചിടപ്പെടുന്ന മുറികൾ ഇടക്കിടെ തുറക്കപ്പെടുമ്പോൾ അത് സമാധാനം മാത്രമല്ല , ചില ഉറപ്പുകളും / ബോധ്യങ്ങളും കൂടിയാണ് .

അത് അവരും മനസ്സിലാക്കട്ടെ.

അവരുടെ സൗഹൃദങ്ങളെ വ്യക്തമായും തിരിച്ചറിഞ്ഞിരിക്കുക.

ചെറിയ അന്വേഷണങ്ങൾക്ക് മടിക്കേണ്ടതില്ല. അരുതാത്തത് ബോധ്യപ്പെട്ടാൽ അത് അവരെയും ബോധ്യപ്പെടുത്താൻ ശ്രമിക്കുക.

അവർക്കായി കുറെ സമയം മാറ്റിവയ്ക്കുക.

അവർക്ക് ആഗ്രഹമുണ്ടെങ്കിൽ മാത്രം അവർക്കായി യാത്രകൾ പോവുക, പുറത്തുനിന്നും ഭക്ഷണം കഴിക്കുക,സിനിമകൾ കാണിക്കുക.

അവർക്ക് തനിയെ യാത്രകൾ പോകണമെങ്കിൽ,സിനിമകൾ കാണാൻ പോകണമെങ്കിൽ അനുവദിക്കുക. ചില വിശ്വാസങ്ങൾ വേണ്ടിവരും.

നിങ്ങളുടെ കലഹങ്ങൾ അവരുടെ മുമ്പിൽ പ്രദർശിപ്പിക്കരുത്.

നിങ്ങളുടെ നിരാശകളും മോഹഭംഗങ്ങളും അവരുടെ മേൽ തൂവരുത്.

അതേ സമയം നിങ്ങൾ യന്ത്രങ്ങൾ അല്ലെന്ന്

സ്വാഭാവികമായും അവർക്ക് ബോധ്യപ്പെടുകയും വേണം.

നിങ്ങൾ വികല മാതൃകകൾ ആകരുത്.

അവരെ ശിക്ഷിക്കരുതെന്ന് ഒരു മനശാസ്ത്രവും തറപ്പിച്ച് പറയുന്നില്ല. ശിക്ഷിക്കാൻ വേണ്ടി ശിക്ഷിക്കരുത്.

ശിക്ഷ എന്നത് പീഡനം ആവുകയും അരുത്. ശിക്ഷിക്കുന്നത് അവർക്ക് വേണ്ടിയാണെന്ന തോന്നൽ അവരിൽ ഉണ്ടാകണം. ശിക്ഷിക്കാതിരിക്കാൻ കഴിയുമെങ്കിൽ അതുതന്നെയാണ് നല്ലത്.

കാലത്തിനനുസരിച്ച് ജീനുകളിലും മാറ്റം വന്നിട്ടുണ്ടാകും.

അവർ കൂടുതലും സാങ്കേതികതയുടെ ലോകത്തായിരിക്കും.

അത് നിർബന്ധപൂർവ്വം തടയാൻ ശ്രമിച്ചിട്ട് കാര്യമില്ല.

കുടുംബവും സമൂഹവും രാഷ്ട്രവും പ്രധാനമാണെന്ന് ഇടയ്ക്കിടെ അവരെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കുക.

നന്മ എന്താണെന്ന് പറഞ്ഞു കൊടുക്കുക. അതിനായി കുറച്ചു സമയം മാറ്റിവയ്ക്കുക.

ഒരു ഘട്ടത്തിൽ അവർ പ്രണയിച്ചെന്നു വരും.

പ്രണയിക്കും പോലെ പിരിഞ്ഞുവെന്നും വരും. പിന്നെയും പ്രണയിക്കും, പിന്നെയും പിരിയും. അതൊന്നും പരിചയും വാളും കൊണ്ട് പ്രതിരോധിച്ചിട്ട് കാര്യമില്ല.

പ്രണയഭംഗങ്ങളിൽ അവർ നിരാശയിലേക്ക് കൂപ്പുകുത്താതിരിക്കാൻ പിന്തുണ നൽകുകയാണ് വേണ്ടത്.

പ്രണയത്തെ പറ്റിയുള്ള നല്ല പാഠങ്ങൾ പകർന്നു കൊടുക്കുകയും ആകാം.

പക്ഷേ അത് പഴഞ്ചൻ പ്രണയം ആകണമെന്ന് ശഠിക്കുകയും അരുത്.

ലഹരിയെപ്പറ്റി പഠിക്കുക.

ധാരാളം പഠിക്കുക .

എന്നിട്ട് ഒരു ഘട്ടം മുതൽ അതിൻറെ ദോഷവശങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരും ബോധവതികളും ആക്കാൻ, അവർക്ക് മുഷിയാത്ത വിധം നിരന്തരം ശ്രമിക്കുക.

പ്രായത്തിന്റെ ഒരു ഘട്ടം കഴിയുമ്പോൾ ഒരു യാത്രയിലോ ആഘോഷത്തിലോ ഒക്കെ അവരിത്തിരി മദ്യം കഴിച്ചെന്നു വരാം. അതറിഞ്ഞാൽ പടപ്പുറപ്പാട് നടത്തേണ്ടതില്ല. സ്ഥിരം ശീലങ്ങൾ ആയി മാറാത്ത വിധം ഒരു കണ്ണ് പുറകേ ഉണ്ടായിരുന്നാൽ മതി.

ഇത്രയൊക്കെ ചെയ്യാൻ കഴിഞ്ഞാൽ , അത്രയും ആയി എന്ന് സമാധാനിക്കാം.

ഇത്രയൊക്കെ ചെയ്തു എന്നിരിക്കിലും ഒരു ഘട്ടം കഴിഞ്ഞാൽ പിന്നത്തെ ലോകം അവരുടെ സ്വതന്ത്ര ലോകമാണ് .

അവിടെ നമ്മുടെ അധികാരങ്ങൾക്ക് അധികം സ്ഥാനം ഉണ്ടാവില്ല.

അവിടെ നമ്മുടെ പ്രാർത്ഥനകൾക്കാണ് സ്ഥാനം. കണ്ണീരിനും.

നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും

പ്രശാന്ത് വാസുദേവ്

മുൻ ഡെപ്യൂട്ടി ഡയറക്ടർ

കേരള ടൂറിസം വകുപ്പ്&

ടൂറിസം കൺസൾട്ടൻ്റ്

Tags

Share this story

From Around the Web