ദാമ്പത്യം കരുത്തുറ്റതാക്കാൻ നാല് ലളിത വഴികൾ
സന്തോഷകരമായ ഒരു കുടുംബജീവിതം കെട്ടിപ്പടുക്കാൻ വലിയ കാര്യങ്ങൾ ചെയ്യണമെന്നില്ല. മറിച്ച് ദൈനംദിന ജീവിതത്തിലെ ചെറിയ മാറ്റങ്ങൾ മതിയാകും. ആർതർ ബ്രൂക്സ് നിർദേശിക്കുന്ന ആ നാല് കാര്യങ്ങൾ ഇവയാണ്
1. ഒരുമിച്ച് സന്തോഷിക്കാൻ സമയം കണ്ടെത്തുക
പലപ്പോഴും ദമ്പതികൾക്കിടയിലെ സംസാരം പരാതികളിലും പരിഭവങ്ങളിലും ഒതുങ്ങിപ്പോകാറുണ്ട്. ഇതിനുപകരം പഴയ പരാതികൾ ആവർത്തിക്കാതെ ഒന്നിച്ച് ചിരിക്കാനും രസകരമായ കാര്യങ്ങളിൽ ഏർപ്പെടാനും സമയം കണ്ടെത്തുക. സന്തോഷകരമായ നിമിഷങ്ങൾ ദാമ്പത്യത്തിന്റെ പിരിമുറുക്കം കുറയ്ക്കും.
2. ഒരുമിച്ച് പ്രാർഥിക്കുക, അല്ലെങ്കിൽ ധ്യാനിക്കുക
ആത്മീയമായ ഒത്തുചേരൽ ദമ്പതികൾക്കിടയിൽ വലിയ മാറ്റമുണ്ടാക്കും. ഒന്നിച്ച് പ്രാർഥിക്കുന്നതോ ധ്യാനിക്കുന്നതോ മനസ്സിന്റെ ആഴത്തിലുള്ള ഐക്യത്തിന് സഹായിക്കുന്നു. ഇത് പരസ്പരമുള്ള വൈകാരിക ബന്ധം വർധിപ്പിക്കും.
3. സംസാരിക്കുമ്പോൾ കണ്ണുകളിൽ നോക്കുക
നിങ്ങൾ പങ്കാളിയോട് സംസാരിക്കുമ്പോൾ എപ്പോഴും കണ്ണുകളിൽ നോക്കി സംസാരിക്കാൻ ശ്രദ്ധിക്കുക. ഇത് പരസ്പര വിശ്വാസവും അടുപ്പവും വർധിപ്പിക്കുന്നു. ശാസ്ത്രീയമായി പറഞ്ഞാൽ കണ്ണുകളിൽ നോക്കിയുള്ള സംസാരം ബന്ധങ്ങളെ ദൃഢമാക്കുന്ന ‘ഓക്സിറ്റോസിൻ’ എന്ന ഹോർമോണിന്റെ ഉൽപാദനത്തിന് സഹായിക്കുന്നു.
4. ശാരീരികമായ സാമീപ്യം
പരസ്പരം സ്പർശിക്കുന്നത് ബന്ധങ്ങളിൽ വലിയ ഊർജ്ജം നൽകും. നടക്കുമ്പോൾ കൈകൾ കോർത്തുപിടിക്കുന്നതോ ചേർന്ന് ഇരിക്കുന്നതോ പോലുള്ള ചെറിയ സ്പർശനങ്ങൾ പോലും സ്നേഹവും സുരക്ഷിതബോധവും വർധിപ്പിക്കും. പുരുഷന്മാരുടെ വൈകാരിക ആരോഗ്യത്തിന് ഇത്തരം സ്പർശനങ്ങൾ വലിയ രീതിയിൽ ഗുണം ചെയ്യുമെന്ന് ബ്രൂക്സ് ചൂണ്ടിക്കാട്ടുന്നു.
പരാതികൾ കുറച്ച് സന്തോഷം കണ്ടെത്തുക, ആത്മീയമായി ഒന്നിക്കുക, കണ്ണുകളിൽ നോക്കി സംസാരിക്കുക, സ്നേഹത്തോടെ സ്പർശിക്കുക ഈ ലളിതമായ ശീലങ്ങൾ നിങ്ങളുടെ ദാമ്പത്യത്തെ കൂടുതൽ മനോഹരമാക്കും.
സീനിയ എൽസ ഇഗ്‌നേഷ്യസ്
കടപ്പാട്- ലൈഫ് ഡേ