ബൈബിളിൽ ഗബ്രിയേൽ മാലാഖ സന്ദേശമെത്തിച്ച നാല് സന്ദർഭങ്ങൾ
ബൈബിളിൽ, പ്രധാന ദൂതനായ വി. ഗബ്രിയേൽ മാലാഖ നൽകിയ നാല് സുപ്രധാന സന്ദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. രക്ഷാകര ചരിത്രത്തിലെ സുപ്രധാനഘട്ടങ്ങളിലാണ് ഗബ്രിയേൽ ദൂതൻ പ്രത്യക്ഷപ്പെട്ടതെന്ന് ബൈബിൾ പണ്ഡിതർ ചൂണ്ടിക്കാട്ടുന്നു.
ദാനിയേൽ പ്രവാചകന് നൽകിയ വെളിപ്പെടുത്തൽ
പഴയനിയമത്തിൽ ദാനിയേൽ പ്രവാചകന് ദർശനങ്ങളുടെ അർഥം വിശദീകരിച്ചുകൊടുക്കാനാണ് ഗബ്രിയേൽ ദൂതൻ ആദ്യം എത്തുന്നത്. ഭാവിയിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും ഇസ്രായേൽ ജനതയുടെ പ്രത്യാശയെക്കുറിച്ചുമുള്ള ദൂതാണ് ഇതിലൂടെ നൽകിയത്.
ദാനിയേലിന്റെ രണ്ടാമത്തെ ദർശനം
‘വർഷങ്ങളുടെ എഴുപത് ആഴ്ചകൾ’ ഉൾപ്പെടുന്ന മറ്റൊരു ദർശനം ദാനിയേലിന് ഉണ്ടായിരുന്നു. അത് വി. ഗബ്രിയേൽ വ്യാഖ്യാനിച്ചു:
അപ്പോൾ ലംഘനം നിലയ്ക്കും, പാപം അവസാനിക്കും,
കുറ്റബോധം പരിഹരിക്കപ്പെടും,
ശാശ്വത നീതി അവതരിപ്പിക്കപ്പെടും,
ദർശനവും പ്രവചനവും സ്ഥിരീകരിക്കപ്പെടും,
ഒരു വിശുദ്ധസ്ഥലം അഭിഷേകം ചെയ്യപ്പെടും (ദാനി. 9:24).
പുരോഹിതനായ സക്കറിയായ്ക്കുള്ള അറിയിപ്പ്
സ്‌നാപകയോഹന്നാന്റെ ജനനത്തെക്കുറിച്ച് പ്രായമായ സക്കറിയാ പുരോഹിതന് നൽകിയ സന്ദേശമാണ് രണ്ടാമത്തേത്. അസാധ്യമായത് ദൈവത്തിന് സാധ്യമാണെന്ന വലിയ സത്യമാണ് സക്കറിയായോട് ദൂതൻ വെളിപ്പെടുത്തുന്നത്.
മറിയത്തോടുള്ള മംഗളവാർത്ത
ബൈബിളിലെ ഏറ്റവും പ്രസിദ്ധമായ സന്ദേശമാണിത്. നസറെത്തിലെ കന്യകയായ മറിയത്തിന് യേശുവിന്റെ ജനനത്തെക്കുറിച്ചു നൽകിയ ഈ ദൂത് മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാറ്റത്തിന് തുടക്കമിട്ടു. “ദൈവത്തിന് ഒന്നും അസാധ്യമല്ല” എന്ന വാചകം ഈ സന്ദേശത്തിലെ പ്രധാന ഭാഗമാണ്.
മറിയത്തെ ഭാര്യയായി സ്വീകരിക്കാൻ മടിച്ച യൗസേപ്പിന് സ്വപ്നത്തിലൂടെ നൽകിയ ആശ്വാസത്തിന്റെയും ധൈര്യത്തിന്റെയും സന്ദേശമാണ് നാലാമത്തേത്. ദൈവഹിതത്തിനു വഴങ്ങാൻ യൗസേപ്പിനെ ഈ സന്ദേശം സഹായിച്ചു.
ഭയപ്പെടാതെ ദൈവത്തിൽ വിശ്വസിക്കാനും അവിടുത്തെ പദ്ധതികൾക്ക് കീഴ്‌പ്പെടാനും പ്രേരിപ്പിക്കുന്നതാണ് ഈ നാല് സന്ദേശങ്ങളും.
കടപ്പാട്- ലൈഫ് ഡേ