കുട്ടികളെ കത്തോലിക്കാ വിശ്വാസത്തിൽ വളർത്താൻ അഞ്ചു മാർഗങ്ങൾ

ഒരു അപ്പനും അമ്മയും ആയിത്തീരാനാകുക എന്നത് ഒരു അനുഗ്രഹവും അനുഭവവുമാണ്. അവർ കത്തോലിക്കരായ മാതാപിതാക്കളാണെങ്കിൽ, തങ്ങളുടെ മക്കളെ കത്തോലിക്കാ വിശ്വാസത്തിൽ വളർത്തുക എന്ന ലക്ഷ്യം പൂർത്തീകരിക്കുമ്പോൾമാത്രമേ അവർ ഉത്തമരായ മാതാവും പിതാവും ആകുകയുള്ളൂ. മക്കളെ കത്തോലിക്കാ വിശ്വാസത്തിൽ വളർത്താൻ മാതാപിതാക്കളെ സഹായിക്കുന്ന ഏതാനും മാർഗങ്ങൾ ഇതാ…
1. പതിവുകൾ ശീലിപ്പിക്കുക
ചില നല്ല പതിവുകൾ നമ്മിൽ നല്ല ശീലങ്ങൾ രൂപപ്പെടുത്തും. നിരന്തരമായ പ്രാർഥനകളും അനുഷ്ഠാനങ്ങളും നമ്മെ ദൈവത്തിലേക്ക് അടുപ്പിക്കുന്നതുപോലെ മാതാപിതാക്കൾ കുട്ടികൾക്ക് നല്ല കാര്യങ്ങൾ ചെയ്യാൻ നിരന്തരം പരിശീലനം നൽകണം.
2. കുറ്റബോധത്തോടു വിടപറയാം
പുതിയ കാര്യങ്ങൾ തുടങ്ങാൻ കുറ്റബോധം വലിയ തടസമാണ്. മക്കളെ വളർത്തുന്നതിൽ വന്നുപോയ പാളിച്ചകളിൽ മനസുപതറാതെ അവ പുനരാരംഭിക്കാൻ കഴിയുക എന്നതാണ് വിജയം. നന്മചെയ്യാൻ നിങ്ങളെ ക്ഷണിക്കുന്ന ദൈവത്തോടൊപ്പം മക്കളെ ചേർത്തുപിടിച്ചു മുന്നേറുക.
3. സ്നേഹം ആസ്വദിക്കുക
മാതാപിതാക്കളുടെ യഥാർഥമായ ആനന്ദം മക്കളോടുള്ള ഊഷ്മളമായ സ്നേഹബന്ധത്തിൽനിന്നുമാണ് ഉരുത്തിരിയുന്നത്. ദൈവത്തോടുള്ള ബന്ധത്തിനും ഇതിൽ പ്രധാനപങ്കുണ്ട്. ദൈവത്തോടും കുടുംബത്തോടുമുള്ള സ്നേഹബന്ധത്തിന്റെ ശക്തിയിൽനിന്നും ജീവിതപ്രതിസന്ധികളെ തരണം ചെയ്യാൻ ശക്തി ലഭിക്കുന്നു.
4. വിശ്വസിക്കുക
വിശ്വസിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും നിങ്ങളുടെ കുട്ടികളെ വിശ്വസിക്കുക. ഒരുപക്ഷേ, ദൈവത്തിൽ വിശ്വസിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടുള്ള കാര്യമാണിത്. എങ്കിലും അവരുടെ തിരഞ്ഞെടുപ്പുകളിലും തീരുമാനങ്ങളിലും വിശ്വാസപൂർവം അവരെ പിന്തുണയ്ക്കുമ്പോൾ കുട്ടികളുടെ വിജയം കാണാൻ കഴിയും.
5. നല്ല അധ്യാപകരാകാം
ചുറ്റുപാടുകളെ അത്ഭുതത്തോടെ വീക്ഷിച്ചുകൊണ്ട് അവയിൽനിന്നും കാര്യങ്ങൾ പഠിച്ചെടുക്കുന്നവരാണ് കുഞ്ഞുങ്ങൾ. വിശ്വാസത്തെക്കുറിച്ചും വിശുദ്ധരെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കുന്നതോടൊപ്പം ജീവിതമാതൃകയിലൂടെയും അവരെ പഠിപ്പിക്കാനാകണം. കാഴ്ചകളാണ് കുട്ടികളെ ഏറെ സ്വാധീനിക്കുന്നത്. വിശ്വാസജീവിതത്തിലെ മാതാപിതാക്കളുടെ വിശ്വസ്തതയും വിജയവും കുട്ടികളുടെ ജീവിതത്തിലും പ്രതിഫലിക്കുന്നു.
സി. നിമിഷ റോസ് CSN
കടപ്പാട് ലൈഫ് ഡേ