പരീക്ഷാക്കാലം: ആത്മവിശ്വാസത്തോടെ നേരിടാം
-----------------------------
അഡ്വ. ചാര്‍ളി പോള്‍
-------------------------------
പഠനം കഴിഞ്ഞ്, പരീക്ഷകളിലേക്ക് പ്രവേശിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. കുട്ടികള്‍ക്ക് മാത്രമല്ല മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും പരീക്ഷക്കാലം ടെന്‍ഷന്‍ കാലമാണ്.ചെറിയ ടെന്‍ഷന്‍ ഉള്ളത് നല്ലതാണ്. അധികം ആകുന്നത് ആപത്തും. തങ്ങളുടെ ഭാവി ,പഠനം ,ജോലി ,ഉയര്‍ച്ച എന്നിവയെല്ലാം ഒരു പരിധിവരെ പരീക്ഷകളിലൂടെയാണ് തീരുമാനിക്കപ്പെടുന്നതെന്ന തിരിച്ചറിവ് കുട്ടികള്‍ക്ക് വേണം. എന്നാല്‍ മറ്റുള്ളവര്‍ കുട്ടികളുടെ ടെന്‍ഷന്‍ വര്‍ധിപ്പിക്കുന്ന സമീപനങ്ങള്‍ സ്വീകരിക്കുത്.
സാന്ത്വനം പകരുന്ന കൗണ്‍സിലര്‍മാര്‍ :-
പരീക്ഷാക്കാലത്ത് മാതാപിതാക്കളും അധ്യാപകരും കുട്ടികള്‍ക്ക് സാന്ത്വനം പകരുന്ന കൗണ്‍സിലര്‍ മാരായി മാറണം. കുട്ടികളുടെ പിരിമുറുക്കം വര്‍ദ്ധിപ്പിച്ചാല്‍ നല്ല പ്രകടനം പരീക്ഷയില്‍ കാഴ്ചവയ്ക്കാന്‍ സാധിക്കാതെ വരും.പിരിമുറുക്കം വര്‍ധിക്കുമ്പോള്‍ കുട്ടികളുടെ ചിന്താശേഷി വഴി വിട്ടു പോകും. മനസ്സിന്റെ സമനിലയില്‍ വ്യത്യാസം വരും .യുക്തിഭദ്രത കുറയും. ആത്മവിശ്വാസം കുറയും. പ്രവര്‍ത്തനക്ഷമത മോശമാകും. അറിയാവുന്ന ഉത്തരവും എഴുതി ഫലിപ്പിക്കാന്‍ കഴിയാതെ പോകും. സ്വന്തം കഴിവ് മുഴുവന്‍ പ്രകടമാക്കാന്‍ കഴിയാതെ വരും .ശാരീരിക - മാനസിക അസ്വസ്ഥതകളും രോഗങ്ങളും തലപൊക്കിയേ ക്കാം. കുട്ടിയെ മനസ്സിലാക്കുക .കുട്ടിക്ക് കഴിയുന്നതിനു മപ്പുറം പ്രതീക്ഷിക്കരുത്.തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കാന്‍ ശ്രമിക്കരുത്.
വഴക്കുകള്‍, ശാസനകള്‍, ശാപവാക്കുകള്‍, കളിയാക്കല്‍, ടെന്‍ഷന്‍ ഉണ്ടാക്കുന്ന ക്രോസ്സ് വിസ് താരങ്ങള്‍, നെഗറ്റീവ് വാക്കുകള്‍ എന്നിവ ഒഴിവാക്കണം. മറ്റു കുട്ടികളുമായി താരതമ്യം ചെയ്ത്, കൊച്ചാക്കി അവരുടെ മനസ്സിനെ ഇടിച്ച് താഴ്ത്തരുത്. നീണ്ട ഉപദേശങ്ങള്‍ വേണ്ട. ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ മതി. പഠനത്തിന് അനുകൂലമായ സ്‌നേഹവും സൗഹൃദവുമുള്ള കുടുംബാന്തരീക്ഷം പരീക്ഷ വേളയില്‍ ഉണ്ടാകണം. ആത്മവിശ്വാസം പകരുന്ന ,ഒരു സുഹൃത്തിനെപ്പോലെ സാന്നിധ്യം കൊണ്ട് സഹായിക്കുന്ന ,പഠന സഹായങ്ങള്‍ ചെയ്തു കൊടുക്കുന്ന,നന്മ പറയുന്ന, പ്രോത്സാഹിപ്പിക്കുന്ന സമീപനങ്ങളാണ് ഗുണം ചെയ്യുക.
പരീക്ഷ കഴിഞ്ഞെത്തിയ കുട്ടിയെ തെറ്റുകളും പോരായ്മകളും ചൂണ്ടിക്കാട്ടി പിരിമുറുക്കം കൂട്ടരുത്. 'പോട്ടെ സാരമില്ല 'എന്ന് പറഞ്ഞ് ആശ്വസിപ്പിച്ച ശേഷം വന്നുപോയ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം എന്ന് പറയുക. അടുത്ത പരീക്ഷയ്ക്ക് ഭംഗിയായി പങ്കെടുക്കാന്‍ സഹായിക്കുക. അനുഭാവപൂര്‍വ്വം സമാധാനത്തിന്റെ ഭാഷയില്‍ സംസാരിക്കുക. 'നീ മിടുക്കനാണ്, നാളെ മികച്ച പ്രകടനം നടത്താന്‍ നിനക്ക് കഴിയും, അതിനായി ഒരുങ്ങുക' എന്ന് പറയുക. താത്പര്യവും പ്രസന്നതയും ഊഷ്മളതയും പകര്‍ന്നു നല്‍കുക. മക്കള്‍ വിഷമിക്കുന്നതും മക്കളെ വിഷമിപ്പിക്കുന്നതും നന്നല്ല എന്ന് തിരിച്ചറിയുക.ഏതു പ്രതിസന്ധിയിലും മാതാപിതാക്കള്‍ ഒപ്പമുണ്ടെന്ന ചിന്തയാണ് കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കേണ്ടത്.
റിവിഷനാകണം പ്രധാന പഠനചര്യ :-
ഏറ്റവും സാധാരണവും ഫലപ്രദവുമായ പഠനം മാര്‍ഗം റിവിഷനാണ്. ഹൃസ്വകാല ഓര്‍മ്മയില്‍ നിന്ന് ദീര്‍ഘകാല ഓര്‍മ്മയിലേക്ക് പഠിച്ചവയെ കൊണ്ട് പോകാന്‍ റിവിഷന്‍ സഹായിക്കും. ആവര്‍ത്തിച്ചു ഉറക്കെ വായിച്ചാല്‍ അത് ഓര്‍മ്മയില്‍ അടിയുറയ്ക്കും. തലച്ചോറിലെ 'ന്യൂറല്‍ പാത് വേ'കള്‍ പഠിച്ച കാര്യത്തിലേക്ക് കൂടുതല്‍ വഴി തുറക്കാന്‍ സഹായിക്കും. ആവര്‍ത്തനമാണ് ഓര്‍മ്മയുടെ ശാസ്ത്രം. ആവര്‍ത്തിച്ചുള്ള പഠനം ഓര്‍മ്മശക്തിയെ വര്‍ധിപ്പിക്കും.
മറവിയെ മറികടക്കാം:-
മറവിയെ മറികടക്കാന്‍ മാര്‍ഗങ്ങളുണ്ട്. 1.പഠിച്ച കാര്യം കൂടെക്കൂടെ ഓര്‍മ്മിക്കുക. 2. ശ്രദ്ധയോടും ഏകാഗ്രതയോടും കൂടി പഠിക്കുക. 3. സ്വന്തം ഓര്‍മ്മ ശക്തിയില്‍ വിശ്വസിക്കുക. 4.അര്‍ത്ഥമറിഞ്ഞ് പഠിക്കുക. 5. മുന്നറിവുമായി ബന്ധിപ്പിച്ച് പഠിക്കുക. 6. പഠിച്ചവ വീണ്ടും കൂടുതല്‍ പഠിക്കുക. 7. പഠിച്ചവ സ്വന്തം വാക്കുകളില്‍ പറഞ്ഞു നോക്കുക. 8. പഠിച്ച പാഠം 24 മണിക്കൂറിനുള്ളില്‍ റിവൈസ് ചെയ്യുക. 9. യുക്തിപൂര്‍വ്വം പഠിക്കുക. 10. പ്രധാന പോയിന്റുകള്‍ മനസ്സിലുറപ്പിക്കുക. 11.ആസ്വദിച്ചു പഠിക്കുക. 12. ചെയ്തു പഠിക്കുക. ഈ മാര്‍ഗ്ഗങ്ങളെല്ലാം മറവിയെ തരണം ചെയ്യാന്‍ സഹായകമാണ്. പഠിച്ചിട്ടും ഓര്‍മ്മയില്‍ നില്‍ക്കാത്ത സൂത്രവാക്യങ്ങള്‍, തത്വങ്ങള്‍, ഉദ്ധരണികള്‍ , ഫോര്‍മുല, വര്‍ഷം, പേര് തുടങ്ങിയവ ചെറിയ കാര്‍ഡുകളില്‍ എഴുതി സൂക്ഷിക്കുക. ഇടയ്ക്കിടയ്ക്ക് മറിച്ചു നോക്കിയാല്‍ ഓര്‍മ്മയില്‍ കൊണ്ടുവരാനാകും.
ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക :-
എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ,വിഷയങ്ങള്‍ മനസ്സിലാക്കി പഠിക്കണം. മനസ്സാണ് പഠനത്തില്‍ പ്രധാന പങ്കു വഹിക്കുന്നത്. മനസ്സിരുത്തി പഠിക്കണം. ശ്രദ്ധയും ഏകാഗ്രതയും പഠനത്തില്‍ പ്രധാനമാണ്. നിഷേധചിന്തകള്‍ ഒഴിവാക്കി,ഉത്സാഹശീലരുമായി കൂട്ടുകൂടുക. ഓരോ വിഷയത്തിലും പഴയ ചോദ്യപേപ്പര്‍ സംഘടിപ്പിച്ച് ട്രയല്‍ എക്‌സാം എഴുതി നോക്കണം. ഓരോ ട്രയല്‍ എക്‌സാം കഴിയുമ്പോഴും ആത്മവിശ്വാസം വര്‍ദ്ധിക്കും. ടെന്‍ഷന്‍ മാറും. പഠിക്കുമ്പോള്‍ തന്നെ പ്രധാന ആശയങ്ങള്‍, ഫോര്‍മുലകള്‍, രാസനാമങ്ങള്‍, നിര്‍വചനങ്ങള്‍ എന്നിവയുടെ നോട്ടുകള്‍ കാര്‍ഡുകളില്‍ തയ്യാറാക്കുക. ഇവ യാത്രക്കിടയിലും വിശ്രമാവസരങ്ങളിലും നോക്കി പഠിക്കുക. കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ എഴുതി പഠിക്കണം. ചിത്രങ്ങള്‍ വരച്ചു പഠിക്കണം. ഭാഷാ വിഷയങ്ങള്‍ പഠിക്കുമ്പോള്‍ ഓരോ വാക്കിന്റെയും കൃത്യമായ അര്‍ത്ഥം, വ്യാകരണം, ശൈലി എന്നിവ ശ്രദ്ധിക്കണം. ഉദ്ധരണികള്‍ , പഴമൊഴികള്‍ ,കവിതകള്‍ എന്നിവ കഴിയുന്നത്ര മന:പ്പാoമാക്കുക. ശാസ്ത്ര- സാങ്കേതിക പദങ്ങള്‍ പഠിക്കുമ്പോള്‍ അവയ്ക്ക് ഭാഷയില്‍ സാധാരണമായുള്ള അര്‍ത്ഥവും മനസ്സിലാക്കുക. ഗ്രാഫുകള്‍, ചാര്‍ട്ടുകള്‍ , പട്ടികകള്‍, ചുരുക്കെഴുത്തുകള്‍ തുടങ്ങിയവ എഴുതി പഠിക്കണം.
പ്രാര്‍ത്ഥനയുടെ ശക്തി :-
പ്രാര്‍ത്ഥന, പഠനത്തിനും മന:ശാന്തിക്കും ഏറെ ഗുണം ചെയ്യും. പ്രാര്‍ത്ഥിച്ചു ഉണരുക, പ്രാര്‍ത്ഥിച്ചു ഉറങ്ങുക. പ്രാര്‍ത്ഥിച്ചു പഠിക്കുമ്പോള്‍ ഏകാഗ്രത വര്‍ദ്ധിക്കും. ആത്മബലം കൂടും പരീക്ഷ ഭീതി, ഉത്കണ്ഠ എന്നിവ വിട്ടകലും . പഠിക്കുക എന്ന കൃത്യത്തിന് പകരമല്ല പ്രാര്‍ത്ഥന. എല്ലാം നിങ്ങളിലാണാശ്രയിച്ചിരിക്കുന്നതെന്ന് കരുതി പഠിക്കുക. അതോടൊപ്പം എല്ലാം ദൈവത്തെ ആശ്രയിച്ചിരിക്കുന്നു എന്ന് കരുതി പ്രാര്‍ത്ഥിക്കുക. ദൈവം നമ്മെ കാത്തുകൊള്ളും.
ആഹാരക്രമം :
ദിവസവും ധാരാളം വെള്ളം കുടിക്കുക. വെള്ളം തലച്ചോറിന് ഒരു നല്ല സ്റ്റിമുലന്റാണ്. ദിവസം 10- 12 ഗ്ലാസ് വെള്ളം കുടിക്കണം. ഓരോ 45 മിനിറ്റ് പഠനം കഴിയുമ്പോഴും വെള്ളം കുടിക്കണം. പച്ചക്കറികളും ഇലക്കറികളും പഴങ്ങളും കൂടുതല്‍ ഉപയോഗിക്കുക. ജങ്ക്ഫുഡ് ഒഴിവാക്കുക. നെല്ലിക്കാ ജ്യൂസും നാരങ്ങാവെള്ളവും കുടിക്കുക. ക്ഷീണം അകറ്റാന്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ടോണിക്കുകള്‍ കഴിക്കാം. വിശന്നിരുന്നു പഠിക്കരുത് .അത് ഏകാഗ്രത കുറയ്ക്കും. അമിതാഹാരവും വേണ്ട, കൂടുതല്‍ കഴിച്ചാല്‍ ഉറക്കം വരും.
പരീക്ഷാത്തലേന്ന് :-
പരീക്ഷയുടെ തലേന്നും സാധാരണപോലെ പഠിച്ചാല്‍ മതി. പുതുതായി ഒന്നും പഠിക്കാതിരിക്കുകയാണ് അഭികാമ്യം. ശാന്തതയോടെ, ആത്മവിശ്വാസത്തോടെ, ഏകാഗ്രതയോടെ പഠിക്കുക .പഠിച്ച പാഠങ്ങള്‍ ആവര്‍ത്തിക്കുക. പ്രധാനപ്പെട്ട ആശയങ്ങള്‍ മനസിലുണ്ടെന്ന് ഉറപ്പുവരുത്തുക. പഠിക്കുമ്പോള്‍ തയ്യാറാക്കിയ നോട്ടുകള്‍ ഒന്നുകൂടി മറച്ചു നോക്കുക.
ഉറങ്ങാന്‍ പോകുന്നതിനുമുന്‍പ് പരീക്ഷയ്ക്ക് കൊണ്ട് പോകാനുള്ള സാധനസാമഗ്രികള്‍ ,സ്‌കൂളില്‍ കൊണ്ടുപോകാനുള്ള ബാഗില്‍ എടുത്തു വയ്ക്കുക. എഴുതുന്നതും മഷി നിറച്ചതുമായി പേനകള്‍, പെന്‍സില്‍, കട്ടര്‍, റബ്ബര്‍,ജോമട്രി ബോക്‌സ്, സ്‌കെയില്‍, കാല്‍ക്കുലേറ്റര്‍, കര്‍ച്ചീഫ് , ഹാള്‍ടിക്കറ്റ് എന്നിവയെല്ലാം എടുക്കാന്‍ മറക്കരുത്. വാച്ച് കറക്ട് ചെയ്യുക. കൃത്യസമയത്ത് ഉണരാന്‍ അലാറം വച്ചിട്ട് കിടക്കുക.
പരീക്ഷാ ദിനത്തില്‍ :-
പരീക്ഷാ ദിനത്തില്‍ കുളിച്ച് വൃത്തിയായി വസ്ത്രം ധരിച്ച് ശുഭാപ്തി വിശ്വാസത്തോടെ പുറപ്പെടുക. പരീക്ഷ തുടങ്ങുന്നതിന് 20 മിനിറ്റ് മുന്‍പെങ്കിലും സ്‌കൂളില്‍ / കോളേജില്‍ എത്തുക. എവിടെയാണ് പരീക്ഷ ഹാള്‍ എന്ന് മനസ്സിലാക്കി അതിന്റെ പരിസരത്ത് ഇരിക്കുക. പഠിച്ചവ ഒന്നുകൂടി മറിച്ചു നോക്കുക. ആവശ്യമെങ്കില്‍ ടോയ്ലറ്റില്‍ പോവുക. സമയമാകുമ്പോള്‍ പ്രസന്നതയോടെ ഹാളില്‍ പ്രവേശിച്ച്, സ്വന്തം സ്ഥലം കണ്ടെത്തി ശാന്തതയോടെ ഇരിക്കുക. ' ഞാനും തയ്യാറെടുത്തിട്ടുണ്ട്ഞാന്‍ നന്നായിത്തന്നെ പരീക്ഷ എഴുതും, വിജയിക്കും' എന്ന് മനസ്സില്‍ പറയുക. ജയത്തെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതി. ചോദ്യപേപ്പര്‍ ലഭിച്ചതിനുശേഷമുള്ള 15 മിനിറ്റ് 'കൂള്‍ ഓഫ് ടൈം ' ആണ് .ആ സമയം ചോദിക്കടലാസിലെ നിര്‍ദ്ദേശങ്ങള്‍, ചോദ്യങ്ങള്‍ എല്ലാം ശ്രദ്ധയോടെ വായിക്കുക. ഏതെല്ലാം എഴുതാമെന്ന് തീരുമാനിച്ചു അടയാളപ്പെടുത്തുക. എഴുതുന്നതിന്റെ ക്രമം, രീതി തീരുമാനിക്കുക. ഹാള്‍ ടിക്കറ്റ് നോക്കി രജിസ്റ്റര്‍ നമ്പര്‍ ഉത്തരക്കാസിലേക്ക് പകര്‍ത്തുക. പ്രധാന പേജില്‍ പൂരിപ്പിക്കേണ്ടവ ശ്രദ്ധാപൂര്‍വ്വം ചെയ്യുക. പേര്, നമ്പര്‍ എന്നിവ വ്യക്തമായി എഴുതണം.
എങ്ങനെ എഴുതണം:-
ആദ്യം
ഉത്തരം നന്നായി അറിയുന്നവ ആയാല്‍ നന്ന്. ആദ്യ പേജില്‍ നല്ല കൈയക്ഷരത്തില്‍ വെട്ടും തിരുത്തും ഒഴിവാക്കി എഴുതിയാല്‍ നല്ല ഇംപ്രഷന്‍ കൊടുക്കാന്‍ സാധിക്കും. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതണം. അറിയാത്തവയിലും എന്തെങ്കിലും എഴുതാന്‍ ശ്രമിക്കുക. മാര്‍ക്ക് ലഭിക്കും. ഏതെങ്കിലും ഒരു വാക്കോ,വര്‍ഷമോ ഫോര്‍മുലയോ കിട്ടുന്നില്ലെങ്കില്‍ അവ ഓര്‍ത്തിരുന്നു സമയം കളയാതെ പരീക്ഷ തുടരുക.
ഓര്‍മ്മ വരുമ്പോള്‍ അത് എഴുതുക. എല്ലാം സമയബന്ധിതമായി , മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രം എഴുതണം. അവസാന ചോദ്യത്തിന് സമയമില്ലാതെ വന്നാല്‍ പ്രധാന ആശയങ്ങള്‍ എഴുതുക. സയന്‍സ് വിഷയങ്ങളില്‍ ചിത്രങ്ങള്‍ ചേര്‍ക്കാം. കണക്കിന് ക്രിയകള്‍ ചെയ്താലും ക്രമത്തിന് മാര്‍ക്ക് ലഭിക്കും. ആലോചിച്ചു ചോദ്യത്തിന്റെ പൊരുള്‍ മനസ്സിലാക്കി ഉത്തരങ്ങള്‍ എഴുതണം. ചോദ്യത്തിന് കൃത്യമായ ഉത്തരം അത് മതി.
പരീക്ഷ തീരുന്നതിന് 5 മിനിറ്റ് മുമ്പ് എഴുത്തു നിര്‍ത്തുക. പേജ് നമ്പര്‍ അനുസരിച്ച് പേപ്പര്‍ തുന്നിക്കെട്ടുക. അഡീഷണല്‍ പേപ്പര്‍ വാങ്ങുമ്പോള്‍ തന്നെ നമ്പര്‍ ഇട്ടുവച്ചാല്‍ എളുപ്പമായിരിക്കും. ചോദ്യ നമ്പറുകള്‍ ഇട്ടിട്ടുള്ളത് ശരിയല്ലേ എന്ന് ഉറപ്പുവരുത്തുക.
ഉത്തരപേപ്പര്‍ ഒന്നുകൂടി വായിച്ച് അക്ഷരത്തെറ്റുകള്‍ ,എഴുതാന്‍ മറന്നുപോയവ, വ്യാകരണ പിശകുകള്‍, എന്നിവ തിരുത്തുക. പരീക്ഷ കഴിഞ്ഞാല്‍ അതിനെക്കുറിച്ച് വിശകലനമോ ചര്‍ച്ചയോ വേണ്ട.മാര്‍ക്ക് കൂട്ടലും സങ്കടപ്പെടലും വേണ്ട. തൊട്ടടുത്ത പരീക്ഷയ്ക്ക് വേണ്ടി കൃത്യമായി തയ്യാറെടുക്കുക. റിസള്‍ട്ട് എന്തുതന്നെയായാലും ശാന്തതയോടെ സ്വീകരിക്കുക.
(അഭിഭാഷകനും ട്രെയ്‌നറും മെന്ററും ലൈഫ് കോച്ചുമായ ലേഖകന്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളുടെ പരിശീലകനാണ്.
8075789768 )