നിങ്ങൾക്ക് സ്നേഹത്തിന്റെ ഭാഷ അറിയാമോ?

മറ്റുള്ളവരോടുള്ള നമ്മുടെ സ്നേഹം എങ്ങനെയാണ് നമ്മൾ പ്രകടിപ്പിക്കുന്നത്? മറ്റുള്ളവർ നമ്മളോട് എങ്ങനെയാണ് അവരുടെ സ്നേഹം പ്രകടിപ്പിക്കുക? കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹായം ആവശ്യമുള്ളവർക്കും നാം നമ്മുടെ സ്നേഹം നൽകുന്നു. എന്നാൽ പലപ്പോഴും അവർക്ക് നമ്മുടെ സ്നേഹം അനുഭവിക്കാൻ കഴിയാതെവന്നേക്കാം. കാരണം നമ്മൾ ഫലപ്രദമായി ആശയവിനിമയം നടത്തുന്നില്ല. എന്തുകൊണ്ട്?
ഉദാഹരണത്തിന്, ആമിയുടെ കാര്യം എടുക്കാം. അവൾ തന്റെ ഭർത്താവിനെ അതിയായി സ്നേഹിക്കുന്നു. അവൾ ചെറുതും വലുതുമായ പ്രവൃത്തികളിലൂടെ തന്റെ തീവ്രമായ സ്നേഹത്തിന്റെ തോത് അദ്ദേഹത്തോടു പ്രകടിപ്പിക്കാൻ ശ്രമിക്കുന്നു. എന്നിരുന്നാലും, തന്റെ സ്നേഹം ശ്രദ്ധിക്കപ്പെടാതെ പോകുന്നതായി ആമിക്കു തോന്നുന്നു. അവളുടെ ഭർത്താവ്, അവളെ സ്നേഹിക്കുന്നുണ്ടെങ്കിലും, “അദ്ദേഹം എന്നെ ശരിക്കും സ്നേഹിക്കുന്നുണ്ടോ?” എന്നുപോലും അവൾ സംശയിക്കുന്നു.
സ്നേഹത്തിന്റെ ഭാഷ
ആമി തന്റെ ഭർത്താവിനോട് സ്നേഹം പ്രകടിപ്പിക്കുന്നത് അവൾ തിരിച്ചറിഞ്ഞ ഒരു ശൈലിയിലായിരുന്നു. പക്ഷേ, അത് അവളുടെ ഭർത്താവിന്റെ ആവശ്യങ്ങൾ നിറവേറ്റിയില്ല. സേവനപ്രവർത്തികളിലൂടെ അവൻ തന്നോടുള്ള സ്നേഹം പ്രകടിപ്പിക്കണമെന്ന് അവൾ ആഗ്രഹിച്ച രീതിയിൽ അവൾ അവനോടുള്ള സ്നേഹം പ്രകടിപ്പിക്കുകയായിരുന്നു.
മറ്റുള്ളവരോട് നമുക്ക് സ്നേഹം പ്രകടിപ്പിക്കാൻ കഴിയുന്ന അഞ്ച് വ്യത്യസ്ത വഴികളുണ്ട്: സ്ഥിരീകരണ വാക്കുകൾ, ഗുണനിലവാരമുള്ള സമയം, സമ്മാനങ്ങൾ നൽകൽ, സേവനപ്രവർത്തികൾ, ശാരീരിക സ്പർശനം തുടങ്ങിയവയാണ് അവ.
സ്ഥിരീകരണ വാക്കുകൾ
സ്ഥിരീകരണ വാക്കുകളിലൂടെ സ്നേഹം പ്രകടിപ്പിക്കുക എന്നതിനർഥം നമ്മൾ അവരെ എത്രമാത്രം വിലമതിക്കുന്നുവെന്നും അവർ നമുക്ക് എത്രത്തോളം പ്രധാനമാണെന്നും അവരോടു പറയുക എന്നതാണ്. ഈ വാക്കുകൾ, അവർ സ്നേഹിക്കപ്പെടുകയും പിന്തുണയ്ക്കപ്പെടുകയും ചെയ്യുന്നുവെന്ന് അവരെ അറിയിക്കുന്നു. വാക്കാലുള്ള അഭിനന്ദനങ്ങളും പ്രോത്സാഹനവും നൽകുമ്പോൾ, നമ്മൾ മറ്റൊരാൾക്ക് നമ്മുടെ സ്നേഹം അനുഭവിക്കാൻ സഹായിക്കുകയാണ്.
ഗുണനിലവാരമുള്ള സമയം
മറ്റുള്ളവരോടൊപ്പം സമയം ചെലവഴിക്കുക എന്നതാണ് സ്നേഹത്തിന്റെ രണ്ടാമത്തെ ഭാഷ. ഒരുമിച്ചു ചെലവഴിക്കുന്ന നിമിഷങ്ങളിൽ മറ്റേ വ്യക്തി നമ്മുടെ ലോകത്തിന്റെ കേന്ദ്രമായി തോന്നുന്നതിന് നമ്മുടെ അവിഭാജ്യശ്രദ്ധ നൽകുന്നത് പ്രധാനമാണ്. കൂടാതെ, സംഭാഷണത്തിൽ എതിർവ്യക്തിയുടെ വികാരങ്ങൾ ശ്രദ്ധിക്കുന്നതും പ്രധാനമാണ്. മറ്റേയാൾ നമ്മളുമായി പങ്കിടുന്നത് ശ്രദ്ധയോടെ കേൾക്കുന്നുണ്ടെന്ന ഉറപ്പ് നമ്മൾ അവർക്കു കൊടുക്കണം.
സമ്മാനങ്ങൾ
മറ്റുള്ളവർക്ക് സമ്മാനങ്ങൾ നൽകുന്നതിലൂടെ നമുക്ക് നമ്മുടെ സ്നേഹം പ്രകടിപ്പിക്കാൻ കഴിയും. അത് ഭൗതികസമ്മാനങ്ങളോ, നാം എന്ന സമ്മാനമോ ആകാം. ഒരു വ്യക്തിയുടെ ലഞ്ച് ബാഗിലെ ഒരു ചെറിയ കുറിപ്പ് പോലും സ്നേഹം ആഴത്തിൽ അനുഭവപ്പെടാനുള്ള മാധ്യമമാണ്. നമ്മൾ സ്വയം ഒരു സമ്മാനമായി നൽകുകയാണെങ്കിൽ, നമ്മുടെ സാന്നിധ്യം നമ്മുടെ സ്നേഹത്തിന്റെ അടയാളമായി വിലമതിക്കപ്പെടും.
സേവനപ്രവർത്തനങ്ങൾ
മറ്റുള്ളവരെ സേവിക്കുമ്പോൾ, നമ്മൾ നാലാമത്തെ സ്നേഹഭാഷയായ സേവനപ്രവർത്തികൾ പരിശീലിക്കുകയാണ്. മറ്റൊരാൾക്കുവേണ്ടി ജോലി പൂർത്തിയാക്കുന്നത് ആ വ്യക്തിക്ക് ഒരു സൗഹൃദബോധം തോന്നിപ്പിക്കുകയും ജോലിഭാരം കുറഞ്ഞതിന്റെ സന്തോഷം അനുഭവിക്കാൻ കാരണമാകുകയും ചെയ്യുന്നു. പരാതിയില്ലാതെ സ്നേഹത്തോടെ ജോലികൾ ചെയ്യാൻ നമുക്ക് എത്രത്തോളം കഴിയുന്നുവോ അത്രത്തോളം നമ്മുടെ സ്നേഹം അവർക്ക് അനുഭവപ്പെടും.
ശാരീരിക സ്പർശനം
നമ്മുടെ സ്നേഹം പ്രകടിപ്പിക്കാൻ ഒരാളെ സ്നേഹപൂർവം സ്പർശിക്കുമ്പോൾ അഞ്ചാമത്തെ സ്നേഹഭാഷ പ്രകടമാകുന്നു. ശാരീരിക സ്പർശനത്തിലൂടെ ആശയവിനിമയം നടത്തുമ്പോൾ കൈ പിടിക്കുക, ചുറ്റിപ്പിടിക്കുക, ആലിംഗനം ചെയ്യുക തുടങ്ങിയ ചെറിയ സ്നേഹപ്രകടനങ്ങൾ അതിൽ ഉൾപ്പെടുന്നു. ആരെങ്കിലും അസ്വസ്ഥനാകുമ്പോഴോ, കരയുമ്പോഴോ, പ്രതിസന്ധിയിലാകുമ്പോഴോ ഇത്തരത്തിൽ ആശ്വാസം നൽകുന്നത് ആശയവിനിമയത്തിൽ പ്രത്യേകിച്ചും പ്രധാനമാണ്. ഇത് ചെയ്യുമ്പോൾ സ്നേഹത്തിന്റെ ഈ ചെറിയ അടയാളങ്ങൾ കൂടുതൽ ആഴത്തിൽ അവരിൽ അനുഭവപ്പെടും.
ഏതു ബന്ധത്തിലും സ്നേഹത്തിന്റെ ഈ ഭാഷകൾ പ്രയോഗിക്കാവുന്നതാണ്. ആളുകൾക്ക് സ്നേഹിക്കപ്പെടുന്നുവെന്നു തോന്നുമ്പോൾ, അവർ കൂടുതൽ സുരക്ഷിതരും ആത്മവിശ്വാസമുള്ളവരുമായിത്തീരുന്നു. മറ്റുള്ളവരെ സ്നേഹിക്കാനുള്ള അവരുടെ ആഗ്രഹം വർധിക്കുന്നു.
അടുത്ത തവണ ആരെങ്കിലും നമ്മുടെ സ്നേഹപ്രകടനങ്ങളെ വിലമതിക്കുന്നില്ലെന്നു തോന്നുമ്പോൾ, അവൻ/അവൾ എങ്ങനെ സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് ചിന്തിക്കുക. സ്നേഹത്തിന്റെ ഏതു ഭാഷ ഉപയോഗിക്കാൻ തിരഞ്ഞെടുത്താലും നമ്മുടെ സ്നേഹം യഥാർഥമായിരിക്കട്ടെ, അത് സൂര്യനെപ്പോലെ പ്രകാശിക്കട്ടെ.
കടപ്പാട് ലൈഫ് ഡേ