ജനങ്ങൾ പണം വാങ്ങിയാണോ ഇറാനിലും ചൈനയിലും ക്രിസ്ത്യാനികളാകുന്നത് ?

 
222

ക്രിസ്തുവിശ്വാസം വളരുന്നതും പ്രചരിക്കുന്നതും കാണുമ്പോൾ ഭരണകൂടങ്ങൾ അസ്വസ്ഥരും പ്രകോപിതരുമാകുന്നത് ഒന്നാം നൂറ്റാണ്ടു മുതലുള്ള പ്രവണതയാണ്. ഇസ്ലാമിക രാജ്യങ്ങളില്‍, മുസ്ലീമായ ഒരാള്‍ ക്രിസ്തുവിശ്വാസം സ്വീകരിക്കുന്നത് കൊലക്കുറ്റമാണെങ്കില്‍ കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ക്രിസ്ത്യാനിയാകുന്നവരെ കാത്തിരിക്കുന്നത് കൊടിയ പീഡനങ്ങളാണ്.

എന്നാല്‍, സുവിശേഷ പ്രചാരകനായി ഒരുവൻ പോലുമില്ലെങ്കിലും ഈ രാജ്യങ്ങളിൽ ക്രിസ്തുവിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണം ദിനംതോറും വര്‍ദ്ധിക്കുന്നത് അത്ഭുതകരമായ കാഴ്ചയാണ്. ആരാലും പ്രചരിപ്പിക്കാതെ, ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത വിശ്വാസത്തെ പിൻപറ്റാൻ എങ്ങനെയാണ് മനുഷ്യനു സാധിക്കുക?

“പ്രസംഗകനില്ലാതെ എങ്ങനെ കേള്‍ക്കും” (റോമ 10:14) എന്നൊരു ചോദ്യം ബൈബിളിലുണ്ട്. അതെ, പ്രസംഗകനില്ലാതെ ആര്‍ക്കും കേള്‍ക്കാന്‍ കഴിയില്ല. എന്നാല്‍ ഇറാനിലും ചൈനയിലും ആരാണ് പ്രസംഗിക്കുന്നത്? പ്രത്യക്ഷത്തില്‍ ഇവിടെ ആരും സുവിശേഷം പ്രസംഗിക്കുന്നില്ല. പിന്നെങ്ങനെയാണ് ഈ രാജ്യങ്ങളില്‍ ക്രിസ്ത്യാനികളുടെ എണ്ണം വര്‍ദ്ധിക്കുന്നത്? ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു പ്രതിഭാസമാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത് എന്ന യാഥാർത്ഥ്യമാണ് ഇവിടെ തിരിച്ചറിയാൻ പോകുന്നത്.

ബൈബിളിലെ ആദ്യഗ്രന്ഥമായ ഉല്‍പ്പത്തി പുസ്തകം മുതല്‍ കാണുന്ന ഒരു പ്രതിഭാസമുണ്ട്, പ്രസംഗികളില്ലാത്ത ലോകത്തു ദൈവത്തിന്‍റെ ആത്മാവ് മനുഷ്യ മനഃസാക്ഷിയോടു സംവാദിക്കുന്നു എന്ന യാഥാര്‍ത്ഥ്യം (ഉല്‍പ്പത്തി 6:3). ദൈവാത്മാവ് നേരിട്ട് മനുഷ്യഹൃദയത്തോടു നടത്തു ഈ പ്രസംഗത്തിലൂടെ ക്രിസ്തുവിനെ ഇതുവരെ കേട്ടിട്ടില്ലാത്ത ജനപഥങ്ങളിലും “മഹത്വത്തിൻ്റെ പ്രത്യാശയായ ക്രിസ്തു” ഒരൂ യാഥാര്‍ത്ഥ്യമായിത്തീരുന്നു.

ചൈനയിലെയും ഇറാനിലെയും ക്രൈസ്തവ വിശ്വാസവളര്‍ച്ച വ്യക്തമാക്കുന്നത് ഈ പ്രതിഭാസമാണ്. ജീവനുള്ള ദൈവത്തെക്കുറിച്ചുള്ള സാക്ഷ്യം ലഭിക്കാതെ ഭൂമിയില്‍ മനുഷ്യസമൂഹങ്ങളൊന്നും കടന്നുപോകുന്നില്ല എന്ന് പൗലോസ് സ്ലീഹാ ലിസ്ത്രിയയില്‍ പഠിപ്പിക്കുന്നു (അപ്പ പ്രവൃത്തി 14:17 He has not left himself without testimony).

ദൈവാത്മാവ് ഒരു വ്യക്തിയിൽ ക്രിസ്തുവിനെ വെളിപ്പെടുത്തുമ്പോള്‍ ആ വെളിപാടിനെ സ്വീകരിക്കാൻ തയ്യാറാകുന്നവരാണ് ചൈനയെയും ഇറാനെയും ക്രിസ്തുവിശ്വാസത്തില്‍ നിറയ്ക്കുന്നത്. “തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തൻ്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി” (യോഹ 1:12). ചിലര്‍ ഈ കഴിവ് ഉപയോഗിക്കുന്നു. ഇത് ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങിയോ ധനമോഹത്താല്‍ ആകൃഷ്ടരായോ സംഭവിക്കുന്നതല്ല. ഈ യാഥാര്‍ത്ഥ്യത്തെ നിയമംമൂലം തടയുവാനും ആര്‍ക്കും സാധിക്കില്ല.

✝️ ഇറാനില്‍ വളരുന്ന

ക്രിസ്തുവിശ്വാസം

ക്രിസ്തുവിശ്വാസം സ്വീകരിക്കുന്നവരെ നിഷ്കരുണം കൊന്നുകളയുന്ന രാജ്യമാണ് ഇറാന്‍. എന്നാല്‍ ഒന്നാം നൂറ്റാണ്ടില്‍ തന്നെ ഇറാനില്‍ ക്രൈസ്തവസഭയുടെ ശക്തമായ അടിത്തറ പണിയപ്പെട്ടിരുന്നു. അപ്പൊസ്തൊല പ്രവൃത്തികളില്‍ ആദിമ പന്തക്കുസ്തായില്‍ എടുത്തുപറയുന്ന “പാര്‍ത്ത്യരും മേദ്യരും” (2:9) ഇറാനികളായിരുന്നു. പേര്‍ഷ്യന്‍ ഭാഷയിലായിരുന്നു “ദൈവത്തിന്‍റെ വന്‍കാര്യങ്ങള്‍” (അപ്പ പ്രവൃത്തി 2:) കേട്ടത്.

മെഡിറ്ററേനിയന്‍ രാജ്യങ്ങളില്‍ വ്യാപിച്ച ക്രിസ്തുവിശ്വാസം ഒന്നാം നൂറ്റാണ്ടിൻ്റെ പകുതിയോടെ ഇറാനിലും പ്രചരിച്ചു. സെന്‍റ് തദ്ദേവൂസിന്‍റെ പേരിൽ എ.ഡി 66ല്‍ നിര്‍മിച്ച മൊണാസ്ട്രിയും പൗരാണിക അസീറിയന്‍ മാര്‍തോമാ ചര്‍ച്ചും ഇപ്പോഴും ഇവിടെയുണ്ട്. ഏഴാം നൂറ്റാണ്ടിലെ അറബ് ഇസ്ലാമിക ഭരണം ആരംഭിച്ചതോടെ ക്രൈസ്തവര്‍ ഇവിടെ കഠിനമായി പീഡിപ്പിക്കപ്പെട്ടു. പതിനാലാം നൂറ്റാണ്ടില്‍ തൈമൂറിന്‍റെ ആക്രമണത്തോടെ ക്രൈസ്തവ വിശ്വാസം നാമമാത്രമായി. പിന്നീട് നൂറ്റാണ്ടുകളോളം ഈ സ്ഥിതിയാണ് തുടര്‍ന്നത്.

1976-ലെ സെന്‍സസ് പ്രകാരം ഇറാനില്‍ 1,70,000 ക്രൈസ്തവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ നൂറ്റാണ്ടിൽ ഇറാനില്‍ ക്രൈസ്തവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു എന്നാണ് കണക്കുകൾ പറയുന്നത്. പക്ഷേ ഇക്കാര്യം തുറന്നു സമ്മതിക്കാൻ ഇറാന്‍ തയ്യാറല്ല. ബ്രിട്ടീഷ് ഹോം ഓഫീസ് 2015 മാര്‍ച്ച് 19ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് ഇറാനില്‍ 3,70,000 ക്രൈസ്തവരുണ്ടെന്നാണ്. എന്നാല്‍ 2016-ല്‍ ഇറാന്‍ ഔദ്യോഗികമായി പറഞ്ഞത് രാജ്യത്ത് 1,17,00 ക്രൈസ്തവര്‍ മാത്രമുള്ളൂ എന്നായിരുന്നു.

2019-ല്‍ യു.എസ് കോണ്‍ഗ്രിഗേഷണല്‍ റിസേര്‍ച്ച് സര്‍വീസ് (Congressional Research Service) നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ഇറാനില്‍ ഇസ്ലാമതം ഉപേക്ഷിച്ച് ക്രിസ്തുവിശ്വാസം സ്വീകരിച്ചവര്‍ മൂന്നു ലക്ഷമുണ്ടെന്നാണ്. 2020-ല്‍ യു.കെ. ഹോം ഓഫീസ് പ്രസിദ്ധീകരിച്ച Iran Christians: Christians and Christian converts എന്ന റിപ്പോര്‍ട്ടില്‍ (പേജ് 11, image 1, see comment box) “Open Doors” എന്ന ക്രിസ്റ്റ്യന്‍ സംഘടനയെ ആസ്പദമാക്കി പറയുന്നത് ഇറാനില്‍ ഇസ്ലാമതം ഉപേക്ഷിച്ച് ക്രിസ്തുവിശ്വാസം സ്വീകരിച്ച എട്ട് ലക്ഷം ക്രൈസ്തവര്‍ ഉണ്ടെന്നാണ്.

എന്നാല്‍ മതം മാറിയതിന്‍റെ പേരിലുള്ള പീഡനം ഭയപ്പെട്ട് പലരും ഈ മാറ്റം വെളിപ്പെടുത്താന്‍ തയ്യാറാകുന്നില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇറാനിലെ ക്രൈസ്തവരുടെ എണ്ണം 20 ലക്ഷത്തിലധികം ആയിക്കാണും എന്നാണ് പല സംഘടനകളും കണക്കാക്കുന്നത്.

ഇറാനിലെ 75,000 മോസ്കുകളില്‍ 50,000 എണ്ണവും അടച്ചുപൂട്ടിയ വാര്‍ത്ത വരുമ്പോഴാണ് ഇറാനികള്‍ കൂട്ടത്തോടെ ക്രിസ്ത്യാനികളാകുന്ന വാര്‍ത്ത വരുന്നത്. സ്വപ്നത്തില്‍ യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷതയുണ്ടായ സാക്ഷ്യങ്ങള്‍ ഇറാനികള്‍ പലരില്‍നിന്നും എനിക്കു നേരിട്ടു കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സുവിശേഷകന്മാര്‍ പരസ്യമായി പ്രസംഗിക്കാനില്ലാത്ത വേളയിലും പരിശുദ്ധാത്മാവിന്‍റെ ശബ്ദം ഇറാനില്‍ ഉയരുന്നു; അതിന്‍റെ തെളിവാണ് ഇറാനില്‍ വിശ്വാസതലത്തിൽ ഉണ്ടാകുന്ന മാറ്റങ്ങള്‍ വ്യക്തമാക്കുന്നത്.

✝️ ചൈനയില്‍ വളരുന്ന

ക്രിസ്തുവിശ്വാസം

ക്രൈസ്തവര്‍ക്ക് ഏറെ പ്രതികൂലങ്ങള്‍ നേരിടേണ്ടിവരുന്ന ഒരു രാജ്യമാണ് ചൈന. ചൈനയുടെ ക്രിസ്റ്റ്യന്‍ ചരിത്രം ആരംഭിക്കുന്നത് ഏഴാം നൂറ്റാണ്ടു മുതലാണ്. 1294ല്‍ പോപ്പ് നിക്കോളസ് നാലാമന്‍ ഇവിടേക്കു മിഷനറിമാരെ അയയ്ക്കുന്ന ചരിത്രരേഖകളുണ്ട്. 1724ല്‍ ചക്രവര്‍ത്തി യോംഗ്ചെങ് വീണ്ടും രാജ്യത്ത് ക്രിസ്തീയവിശ്വാസം നിരോധിച്ചു. പത്തൊമ്പതാം നൂറ്റാണ്ടില്‍ റോബര്‍ട്ട് മോറിസണ്‍, ഹഡ്സണ്‍ ടൈലര്‍ തുടങ്ങിയ പ്രൊട്ടസ്റ്റന്‍റ് മിഷനറിമാരാണ് ചൈനയില്‍ ക്രിസ്തുവിശ്വാസ പ്രചാരണത്തിന് നേതൃത്വം നല്‍കിയത്.

1949 -ല്‍ കമ്യൂണിസം അധികാരം പിടിച്ചതോടെ ക്രിസ്ത്യാനികള്‍ക്കു നേരേയാണ് ആദ്യമായി ആക്രമണം അഴിച്ചുവിട്ടത്. രാജ്യത്തുനിന്നും എല്ലാ വിദേശമിഷനറിമാരെയും പുറത്താക്കി. 1966-76 കാലത്ത് എല്ലാ ക്രിസ്തവ ആരാധനകളും നിരോധിക്കുകയും വിശ്വാസികളെ തടവറയിലടയ്ക്കുകയും ബൈബിളുകള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. എ.ഡി 2000- 2010 -നും ഇടയില്‍ ചൈനയിലെ ക്രൈസ്തവർ നാലു കോടിയില്‍ അധികമായി. ഇപ്പോള്‍ രാജ്യത്ത് പത്തു കോടിയിലധികം ക്രൈസ്തവര്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. രാജ്യം ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്ന ഏതാനും സഭകള്‍ കൂടാതെ ലക്ഷക്കണക്കിന് ഹൗസ് ചര്‍ച്ചുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.

ഇറാനിലെ ഇസ്ലാമിക ഭരണകൂടവും ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടവും സകല ശക്തിയുമുപയോഗിച്ച് അടിച്ചൊതുക്കാന്‍ ശ്രമിച്ചിട്ടും ക്രിസ്തുവിശ്വാസം ഇവിടെയെല്ലാം വ്യാപിക്കുന്നു. യേശുക്രിസ്തുവിലുള്ള വിശ്വാസത്തെ രാഷ്ട്രനിയമങ്ങള്‍ക്ക് തടയാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യമാണ് ഇറാനും ചൈനയും നല്‍കുന്നത്.

✝️ സാധു സുന്ദര്‍സിംഗിനെ

ആരാണ് മതംമാറ്റിയത്?

1889 സെപ്റ്റംബര്‍ മൂന്നിനായിരുന്നു പഞ്ചാബില്‍ പാട്യാലയില്‍ റാംപൂര്‍ എന്ന ഗ്രാമത്തില്‍ സുന്ദർ സിംഗിൻ്റെ ജനനം. മാതാപിതാക്കൾ സമ്പന്നരായിരുന്നു. അക്കാലത്തെ ഏതൊരു സിഖ് ബാലനെയും പോലെ മതതീഷ്ണതയില്‍ ജ്വലിച്ച ബാല്യമായിരുന്നു സുന്ദര്‍ സിംഗിൻ്റേതും. പതിനാലു വയസു മാത്രം പ്രായമുള്ളപ്പോഴാണ് സുന്ദർസിംഗ് ഒരു ക്രിസ്ത്യന്‍ മിഷനറിയുടെ കൈയില്‍നിന്ന് ബൈബിള്‍ തട്ടിപ്പറിച്ച് കത്തിച്ചു കളഞ്ഞത്. ഇതിനു കാരണമായ സംഭവത്തെക്കുറിച്ചും തുടര്‍ന്ന് തനിക്കുണ്ടായ മാനസാന്തരത്തെപ്പറ്റിയും സുന്ദര്‍സിംഗ് പറഞ്ഞത് രേഖപ്പെടുത്തിയിട്ടുണ്ട്.

“എന്‍റെ അന്നത്തെ അഭിപ്രായത്തില്‍ ബൈബിള്‍ ദഹിപ്പിച്ചത് അപലപനീയമായിരുന്നില്ല. പ്രത്യുത അതൊരു നല്ല പ്രവൃത്തിയായിരുന്നു. കാരണം കള്ളന്മാരായ ക്രിസ്ത്യാനികളും അവരുടെ മതവും നശിപ്പിക്കുന്നതാണ് എന്‍റെ മതധര്‍മ്മമെന്നു ഞാന്‍ കരുതി. പക്ഷേ ആ കൃത്യം ചെയ്തതോടെ എന്‍റെ മനഃസമാധാനം നശിച്ചു.

ഒരുദിവസം വെളുപ്പിനെ മൂന്നുമണിക്കു ഞാന്‍ എഴുന്നേറ്റ്, കുളികഴിഞ്ഞ്, ഞാന്‍ പ്രാര്‍ത്ഥിച്ചു. ഒരു ദൈവമുണ്ടെങ്കില്‍ എനിക്കു പ്രത്യക്ഷമായി രക്ഷാമാര്‍ഗ്ഗം കാണിച്ചുതരണമെന്നായിരുന്നു ഞാന്‍ പ്രാര്‍ത്ഥിച്ചത്. എന്‍റെ പ്രാര്‍ത്ഥനയ്ക്ക് ആശ്വാസരമായ ഉത്തരം ലഭിക്കുന്നില്ലെങ്കില്‍ ഈ വ്യര്‍ത്ഥജീവിതം അവസാനിപ്പിക്കുമെന്നുതന്നെ ഞാന്‍ നിശ്ചയിച്ചു. അഞ്ചുമണിക്ക് ആ വഴിക്കു കടന്നുപോകുന്ന തീവണ്ടിയുടെ മുമ്പില്‍ ചാടി ആത്മഹത്യ ചെയ്യുമെന്നായിരുന്നു എന്‍റെ നിശ്ചയം.

നാലര മണിയായപ്പോള്‍ അതുവരെ ഞാന്‍ വിചാരിക്കാത്ത ഒരപൂര്‍വ്വ അനുഭമുണ്ടായി. മുറിയില്‍ വലിയൊരു പ്രകാശം. അവിടെ അഗ്നി പടര്‍ന്നുപിടിച്ചോ എന്നു സംശയിച്ചു. ഞാന്‍ ചുറ്റുപാടും നോക്കി.

പക്ഷേ യാതൊന്നും കാണാന്‍ കഴിഞ്ഞില്ല. മുറിക്കുള്ളിലെ പ്രകാശം കൂടിക്കൂടി വന്നു. അതിനുളളില്‍ ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഒരാള്‍ -മരിച്ചുപോയവനെന്നു ഞാന്‍ വിചാരിച്ചിരുന്ന ക്രിസ്തു – പ്രത്യക്ഷനായി. അവന്‍റെ മഹത്വവും മുഖതേജസ്സും ഹിന്ദുസ്ഥാനിയില്‍ അവനുച്ചരിച്ച ചുരുങ്ങിയ വാക്കും ഞാന്‍ മറക്കുകയില്ല. “നീ എന്നോടു മറുതലയ്ക്കുന്നതെന്തേ? സത്യമാര്‍ഗ്ഗം അറിയാന്‍ നീ പ്രാര്‍ത്ഥിച്ചു. പിന്നെ എന്തുകൊണ്ട് അതു നീ സ്വീകരിക്കുന്നില്ല?”

ഈ വാക്കുകള്‍ എന്‍റെ ഹൃദയത്തില്‍ പതിഞ്ഞു. ഞാന്‍ അവന്‍റെ മുന്നില്‍ സ്രാഷ്ടാംഗം വീണു. അനിര്‍വ്വചനീയമായ സമാധാനവും സന്തോഷവുംകൊണ്ട് എന്‍റെ ഹൃദയം നിറഞ്ഞു. അന്നുമുതല്‍ എന്‍റെ ജീവിതവും പാടെ വ്യത്യാസപ്പെട്ടു. പഴയ സുന്ദര്‍സിംഗ് മരിച്ചു. ജീവിക്കുന്ന ക്രിസ്തുവിനായി പുതിയൊരു സുന്ദര്‍സിംഗ് ജനിക്കുകയും ചെയ്തു.” *

പതിനാറാമത്തെ വയസ് പൂര്‍ത്തിയാകുന്ന ദിനത്തില്‍, 1905 സെപ്റ്റംബര്‍ മൂന്നിനാണ് സുന്ദർസിംഗ് ക്രിസ്ത്യാനിയായി സ്നാനം സ്വീകരിച്ചത്. ആരായിരുന്നു സുന്ദര്‍സിംഗിനെ മതപരിവര്‍ത്തനം ചെയ്തത്? ആരായിരുന്നു അദ്ദേഹത്തോടു പ്രസംഗിച്ചത്? മരിച്ചവനെങ്കിലും ജീവിക്കുന്നവനായ യേശുക്രിസ്തു. ഈ സത്യം പ്രഖ്യാപിച്ചു കൊണ്ട് അന്ത്യത്തോളം അദ്ദേഹം ജീവിച്ചു.

✝️ഹിമാലയത്തിലും വരാണസിയിലും

കാണപ്പെടുന്ന രഹസ്യ ക്രിസ്ത്യന്‍

സന്യാസികള്‍

ഒരിക്കല്‍ ഹിമാലയത്തിലൂടെ മാനസരോവര്‍ തടാകം ലക്ഷ്യമാക്കി യാത്രചെയ്യുന്നതിനിടെ സുന്ദര്‍സിംഗ് കാല്‍വഴുതി വീണ ഒരു സംഭവം അദ്ദേഹത്തിന്‍റെ ജീവചരിത്രത്തില്‍ വിവരിക്കുന്നുണ്ട്. വീഴ്ചയുടെ ഫലമായി ഉരുണ്ടുപോയ അദ്ദേഹം എത്തിയത് ഒരു ഗുഹാമുഖത്താണ്. എണീറ്റയുടന്‍ അദ്ദേഹം കാണുന്നത് ഗുഹയ്ക്കുള്ളില്‍ ധ്യാനിച്ചിരിക്കുന ഒരു താപസനെയാണ്. ഹിമാലയത്തില്‍ കണ്ട ആ താപസനോടു സംസാരിച്ചപ്പോഴാണ് അറിയുന്നത് അദ്ദേഹം ഒരു ക്രിസ്ത്യന്‍ സന്യാസിയാണെന്ന്. ഈജിപ്റ്റില്‍ മുസ്ലിം കുടുംബത്തില്‍ ജനിച്ച അദ്ദേഹം ക്രിസ്ത്യാനിയായി, ഇന്ത്യയിലെത്തി, ഇപ്പോള്‍ ഈ ഗുഹയില്‍ ക്രിസ്തുവിനെ ധ്യാനിച്ചിരിക്കുന്നു.

ഈ സംഭവം സുന്ദര്‍സിംഗില്‍ ഏറെ ആകാംക്ഷയുളവാക്കി. യാത്രയില്‍ താന്‍ കണ്ടുമുട്ടുന്ന സന്യാസിമാരെല്ലാം ഹിന്ദു സന്യാസിമാരാണെന്നുള്ള അദ്ദേഹത്തിന്‍റെ ധാരണയെ ഇതു മാറ്റിമറിച്ചു. പിന്നീട് അദ്ദേഹം കാഷായധാരികളായ സന്യാസിമാരോടു സംസാരിക്കുമ്പോള്‍ അവരില്‍നിന്ന് മനസ്സിലാക്കിയ ഒരു കാര്യമുണ്ട്. കാഷായധാരികളായ ഈ സന്യാസിമാരില്‍ പലരും ക്രിസ്തുവിനെയാണ് ധ്യാനിക്കുന്നതും പിന്‍പറ്റുന്നതും! ഗംഗാതടത്തിലും ഹിമാലയസാനുക്കളിലും ക്രിസ്തുവിനെ ആരാധിക്കുന്ന “ഗൂഢ സന്യാസി മിഷന്‍” (Secret Sanyasi Mission) ഉണ്ടെന്ന വസ്തുത ലോകത്തോട് ആദ്യം വെളിപ്പെടുത്തിയത് സാധു സുന്ദര്‍സിംഗാണ്.

വരാണസിയിലെ സര്‍നാഥില്‍ വച്ച് ഒരു സംഘം കാഷായധാരികളെ അദ്ദേഹം കണ്ടു. അവരോടു സംസാരിച്ചപ്പോഴാണ് അവര്‍ ക്രിസ്തു വിശ്വാസികളാണെന്ന് മനസ്സിലായത്. പരസ്യമായി ക്രിസ്തുവിനെ സാക്ഷീകരിക്കാന്‍ സുന്ദര്‍സിംഗ് അവരെ പ്രേരിപ്പിച്ചെങ്കിലും അവര്‍ തയ്യാറായില്ല. “ജീവിതത്തിലും പ്രവര്‍ത്തനത്തിലും തുടരുന്ന രഹസ്യപാരമ്പര്യം” ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറല്ലത്രെ! ഇന്ത്യന്‍ സന്യാസിപരമ്പരകളില്‍ ഗൂഢസന്യാസി മിഷന്‍ പോലുള്ള പ്രവര്‍ത്തനമുണ്ടെന്നത് പലരെയും അത്ഭുതപ്പെടുത്തിയേക്കാം. എന്നാല്‍ അതൊരു യാഥാര്‍ഥ്യമാണെന്ന് സാധു സുന്ദര്‍സിംഗ് സാക്ഷ്യപ്പെടുത്തുന്നു.

എല്ലാ മതങ്ങളിലെയും സത്യാന്വേഷികള്‍ ഒടുവില്‍ എത്തിച്ചേരുന്നത് ക്രിസ്തുപാദാന്തികത്തിലാണ്. അവനെ സ്വീകരിച്ചവര്‍ക്കെല്ലാം, അവൻ്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി” (യോഹ 1:12). ജീവിതത്തിൽ ലഭിക്കുന്ന ഈ അമൂല്യമായ സാധ്യത ഉപയോഗിക്കുന്നവർ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരായവരാണെന്നും പണം ലഭിച്ചിട്ടു മതംമാറിയവരാണെന്നും ആരോപിക്കുന്നതില്‍ വസ്തുതാപരമായ തെറ്റുണ്ടെന്ന് തിരിച്ചറിയുക.

*സാധു സുന്ദർ സിംഗിനെ സംബന്ധിച്ചുള്ള വിവരണങ്ങൾ റവ. ടി.കെ. ജോർജ് താഴത്തേൽ എഴുതിയ “ആധുനിക അപ്പോസ്തൊലൻ” എന്ന ഗ്രന്ഥത്തിൽ നിന്നും എടുത്തിട്ടുള്ളതാണ്.

മാത്യൂ ചെമ്പുകണ്ടത്തിൽ

 

 

Tags

Share this story

From Around the Web