ഡിജിറ്റൽ വൈദികർ | നീ സ്ക്രീനുകളിൽ കാണപ്പെടുന്ന ഒരാളാവുമോ, അല്ലെങ്കിൽ സ്ക്രീനുകൾക്കപ്പുറം ദൈവത്തിന്റെ സാന്നിധ്യം അനുഭവിപ്പിക്കുന്ന ഒരു സാക്ഷിയാവുമോ?
*ഡിജിറ്റൽ വൈദികർ *
ഡിജിറ്റൽ വിപ്ലവം മനുഷ്യന്റെ ജീവിതശൈലിയെ മുഴുവനായി മാറ്റിമറിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ, വൈദികജീവിതവും അതിന്റെ ആത്മീയതയും പുതിയ വെല്ലുവിളികളെയും സാധ്യതകളെയും ഒരുപോലെ നേരിടുകയാണ്. സ്മാർട്ട്‌ഫോണുകളും സോഷ്യൽ മീഡിയയും കൃത്രിമബുദ്ധിയും മനുഷ്യന്റെ ദിനചര്യയുടെ ഭാഗമായപ്പോൾ, വൈദികൻ എങ്ങനെയായിരിക്കണം? എവിടെയാണ് അവന്റെ ആത്മീയ നിലപാട്? ഡിജിറ്റൽ ലോകത്ത് വൈദിക ആത്മീയതയുടെ പ്രസക്തി എന്താണ്?
പ്രഭാതത്തിൽ കണ്ണുതുറക്കുന്നതും രാത്രി ഉറങ്ങുന്നതിന് മുൻപ് അവസാനമായി നോക്കുന്നതും മൊബൈൽ സ്ക്രീനിലേക്കുമാണ്. ഈ യാഥാർഥ്യം വൈദിക ജീവിതത്തെയും ഒരു പരിധിവരെ ഒഴിവാക്കിയിട്ടില്ലയെന്നത് യാഥാർത്ഥ്യമാണ്. സഭാ മണ്ഡപത്തിൽ നിന്നു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കും,വേദപീഠത്തിൽ നിന്നു ലൈവ് സ്ട്രീമിംഗ് വേദികളിലേക്കും വൈദിക സാന്നിധ്യം വ്യാപിച്ചിരിക്കുന്നു. എന്നാൽ ഈ വ്യാപ്തി ആത്മീയതയെ ആഴപ്പെടുത്തുന്നുണ്ടോ,അല്ലെങ്കിൽ അതിനെ ശോഷിപ്പിക്കുന്നുണ്ടോ എന്നതാണ് അടിസ്ഥാന ചോദ്യം.
“സുവിശേഷത്തില്‍ ഭാഗഭാക്കാകുന്നതിനായി സുവിശേഷത്തിനുവേണ്ടി ഞാന്‍ ഇവയെല്ലാം ചെയ്യുന്നു.” (1 കോറിന്തോസ് 9 : 23) എന്ന പൗലോസ് അപ്പസ്തോലന്റെ വാക്കുകൾ ഇന്നത്തെ വൈദിക ജീവിതത്തിന് ശക്തമായ മാർഗ്ഗദർശനമാണ്. ഡിജിറ്റൽ തലമുറയോടു സംസാരിക്കാനും അവരെ മനസ്സിലാക്കാനും വൈദികൻ പുതിയ മാധ്യമങ്ങൾ ഉപയോഗിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. എന്നാൽ, മാധ്യമങ്ങൾ ഉപയോഗിക്കുന്നവനാകുക എന്നതും മാധ്യമങ്ങൾ നിയന്ത്രിക്കുന്നവനാകുക എന്നതും തമ്മിലുള്ള വ്യത്യാസം വൈദിക ആത്മീയത നിർണ്ണയിക്കുന്ന പ്രധാന ഘടകമാണ്.
നമുക്കെല്ലാമുള്ള ഒരു അനുഭവം ഓർക്കാം. കോവിഡ് കാലത്ത്, ദൈവാലയങ്ങൾ അടച്ചിടപ്പെട്ടപ്പോൾ, അനേകം വൈദികർ ഓൺലൈൻ വി. കുർബാനയിലൂടെയും വചന പ്രഘോഷണങ്ങളിലൂടെയും വിശ്വാസികളെ കൈപിടിച്ച് നയിച്ചു. പല ഭവനങ്ങളിലും പ്രാർത്ഥനയുടെ തീജ്വാലകൾ വീണ്ടും തെളിയിക്കപ്പെട്ടു. ഡിജിറ്റൽ മാധ്യമങ്ങൾ ദൈവാനുഭവത്തിന് ഒരു പാലമായി മാറിയ ഈ കാലം, ഡിജിറ്റൽ ലോകത്തിന്റെ പോസിറ്റീവ് സാധ്യതകൾക്ക് ഉജ്ജ്വലമായ ഉദാഹരണമാണ്. “എന്നാല്‍, ദൈവവചനത്തിനു വിലങ്ങു വയ്‌ക്കപ്പെട്ടിട്ടില്ല. (2 തിമോത്തെയോസ് 2:9) എന്ന വചനത്തിന്റെ ജീവിച്ചിരിക്കുന്ന വ്യാഖ്യാനം തന്നെയായിരുന്നു ആ അനുഭവം.
എന്നാൽ അതേ ഡിജിറ്റൽ ലോകം ചിലപ്പോൾ സൂക്ഷ്മമായ അപകടങ്ങളും സൃഷ്ടിക്കുന്നു. ലൈക്കുകളും കമന്റുകളും ഫോളോവേഴ്‌സും ആത്മീയ സേവനത്തിന്റെ അളവുകോലായി മാറുന്ന ഒരു സാഹചര്യം ഇന്ന് അപൂർവ്വമല്ല. ഒരു വൈദികൻ തന്റെ പ്രസംഗം കഴിഞ്ഞ്, അത് ഹൃദയങ്ങളെ എത്രമാത്രം മാറ്റി എന്നതിലുപരി, അത് എത്ര പേർ കണ്ടു എന്നത് പരിശോധിക്കുന്നുവെങ്കിൽ, അവിടെ ആത്മീയത ഒരു “ഡിജിറ്റൽ പ്രകടനമായി” മാറുന്ന അപകടം നിലനിൽക്കുന്നു. “ഞാന്‍ ഇപ്പോള്‍ മനുഷ്യരുടെ പ്രീതിയാണോ അന്വേഷിക്കുന്നത്? അതോ, ദൈവത്തിന്റേതാണോ? അഥവാ, മനുഷ്യരെ പ്രസാദിപ്പിക്കാന്‍ ഞാന്‍ യത്‌നിക്കുകയാണോ? ഞാന്‍ ഇപ്പോഴും മനുഷ്യരെ പ്രസാദിപ്പിക്കുന്നവനായിരുന്നെങ്കില്‍ ക്രിസ്‌തുവിന്റെ ദാസനാവുകയില്ലായിരുന്നു.” (ഗലാത്തിയാ 1 : 10) എന്ന പൗലോസിന്റെ ചോദ്യം ഇവിടെ കഠിനമായി മുഴങ്ങുന്നു.
ഡിജിറ്റൽ കാലഘട്ടത്തിലെ മറ്റൊരു വലിയ വെല്ലുവിളിയാണ് നിശ്ശബ്ദതയുടെ നഷ്ടം. അറിയിപ്പുകളുടെ ശബ്ദങ്ങൾ, നിരന്തര സന്ദേശങ്ങൾ, തുടർച്ചയായ സ്ക്രോളിംഗ് etc ഇവയൊക്കെയും ഹൃദയത്തെ അശാന്തമാക്കുന്നു. ഒരു വൈദികൻ ദിവസത്തിൽ അല്പസമയം എങ്കിലും തിരുവചനവുമായി ധ്യാനാത്മകനാകേണ്ട സമയത്ത്, അറിയിപ്പുകൾക്ക് അടിമയായാൽ, പ്രാർത്ഥന പതുക്കെ ഒരു “ചുമതലയായി” മാറാനുള്ള സാധ്യതയുണ്ട്. ഏലിയാ പ്രവാചകൻ അനുഭവിച്ച ദൈവസാന്നിധ്യം ഓർക്കാം…കൊടുങ്കാറ്റിലും ഭൂകമ്പത്തിലും അല്ല, “മൃദുവായ ഒരു നിശ്ശബ്ദ ശബ്ദത്തിൽ” (1 രാജാക്കന്മാർ 19:12) ആയിരുന്നു ദൈവം. ഡിജിറ്റൽ ശബ്ദക്കൂട്ടത്തിനിടയിൽ ആ നിശ്ശബ്ദത കാത്തുസൂക്ഷിക്കുകയാണ് വൈദിക ആത്മീയതയുടെ ആധുനിക തപസ്സ്.
അതേസമയം, ഡിജിറ്റൽ ലോകം വൈദികനു മുന്നിൽ തുറന്നിരിക്കുന്നത് ഒരു വിശാല മിഷൻ ഭൂമിയുമാണ്. യുവജനങ്ങളോട് അവരുടെ ഭാഷയിൽ സഭയുടെ പ്രബോധനങ്ങളിൽ ഊന്നി സംസാരിക്കാൻ പലപ്പോഴും സഭാപീഠം പരിമിതമാണ്. എന്നാൽ ഒരു ചെറിയ വീഡിയോ സന്ദേശം, ഒരു systematic, authentic പോസ്റ്റ്, അല്ലെങ്കിൽ ഒരു ഓൺലൈൻ കൗൺസലിംഗ് സെഷൻ etc ഇവയിലൂടെ തകർന്ന ഹൃദയങ്ങളിലേക്ക് എത്താൻ ഓരോ വൈദികനും കഴിയുന്നു. ആത്മഹത്യ ചിന്തകളിൽ നിന്നു ഒരാളെ രക്ഷിച്ച ഒരു ഓൺലൈൻ സംഭാഷണം, അല്ലെങ്കിൽ വിശ്വാസം നഷ്ടപ്പെട്ട ഒരാളെ തിരികെ കൊണ്ടുവന്ന ഒരു വചന ചിന്ത ഇവയെല്ലാം ഡിജിറ്റൽ വൈദിക സേവനത്തിന്റെ നിശ്ശബ്ദ സാക്ഷ്യങ്ങളാണ്.
“നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്” (മത്തായി 5:14) എന്ന വചനത്തിന്റെ പുതിയ മുഖമാണ് ഈ ഡിജിറ്റൽ സാന്നിധ്യം.
എങ്കിലും, ഡിജിറ്റൽ സാന്നിധ്യം യഥാർത്ഥ സാന്നിധ്യത്തിന് പകരമാകരുത് എന്നു മാത്രം. രോഗിയുടെ കിടക്കയ്ക്കരികിൽ ഇരുന്ന് കൈപിടിക്കുന്ന സാന്ത്വനവും, കണ്ണുനീരിൽ പങ്കുചേരുന്ന ഒരു മൗന പ്രാർത്ഥനയ്ക്കുമെല്ലാം പകരം വയ്ക്കാൻ ഒരു മെസേജിനും ഡിജിറ്റൽ സാങ്കേതിക വിദ്യകൾക്കും കഴിയില്ല. ഈശോയുടെ ശുശ്രൂഷ ശാരീരീകമായ സാന്നിധ്യത്തിലൂടെയായിരുന്നു: അവൻ തൊട്ടു, കണ്ടു, കണ്ണീരോടൊപ്പം നിന്നു. “വചനം മാംസമായി” (യോഹന്നാൻ 1:14) എന്ന സത്യം വൈദിക ശുശ്രൂഷയുടെ അടിസ്ഥാനമാണ്.
അതിനാൽ, ഡിജിറ്റൽ കാലഘട്ടത്തിലെ വൈദിക ആത്മീയത ഒരു തുലനം ആവശ്യപ്പെടുന്നു. സ്ക്രീനും സാക്രാമെന്റും, ഓൺലൈൻ സേവനവും ആന്തരിക നിശ്ശബ്ദതയും തമ്മിലുള്ള വിശുദ്ധ സമന്വയം ആവശ്യമാണ്. ഡിജിറ്റൽ ഉപകരണങ്ങൾ കൈയിൽ ഉണ്ടായാലും, ഹൃദയം ദൈവത്തിൽ ഉറപ്പിച്ചിരിക്കുന്ന ഒരാളായി വൈദികൻ ജീവിക്കുമ്പോൾ മാത്രമേ അവന്റെ സേവനം ഫലപ്രദമാകൂ എന്ന സത്യം വിസ്മരിക്കുന്നില്ല. “നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍; ഞാന്‍ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയില്‍ നില്‍ക്കാതെ ശാഖയ്‌ക്ക് സ്വയമേവ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കാത്തതുപോലെ, എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും സാധിക്കുകയില്ല.” (യോഹന്നാൻ 15:4) എന്ന ഈശോയുടെ ക്ഷണം, ഈ കാലഘട്ടത്തിലെ വൈദിക ആത്മീയതയുടെ ഹൃദയ മന്ത്രമാണ്.
അവസാനമായി, ഡിജിറ്റൽ കാലഘട്ടം വൈദികനോട് ഒരു ചോദ്യം ചോദിക്കുന്നു:
നീ സ്ക്രീനുകളിൽ കാണപ്പെടുന്ന ഒരാളാവുമോ, അല്ലെങ്കിൽ സ്ക്രീനുകൾക്കപ്പുറം ദൈവത്തിന്റെ സാന്നിധ്യം അനുഭവിപ്പിക്കുന്ന ഒരു സാക്ഷിയാവുമോ?
ഈ ചോദ്യം ആത്മാർത്ഥമായി ഏറ്റെടുക്കുന്നിടത്താണ് ഡിജിറ്റൽ കാലഘട്ടത്തിലെ വൈദിക ആത്മീയത സഭയുടെ ഭാവിയെ പ്രകാശിപ്പിക്കുന്ന ശക്തിയായി മാറുന്നത്.
–
ഫാ. അമൽ തൈപ്പറമ്പിൽ