കലാലയങ്ങള്‍ അക്രമികളുടെ വിളനിലമാകരുത്

 
CAMPLUS

--------------------------------
അഡ്വ. ചാര്‍ളി പോള്‍
--------------------------------

ക്രിമിനല്‍ കുറ്റകൃത്യങ്ങളെ സമരമാര്‍ഗ്ഗമായി സ്വീകരിച്ചു കൊണ്ടുള്ള പോരാട്ടങ്ങള്‍ ആരു നടത്തിയാലും അത് അത്യന്തം ഹീനവും നീചവുമാണ്. ഏറ്റവും ഒടുവില്‍
ആലുവ യു.സി. കോളേജിലാണ് ഗുരുനിന്ദയുടെയും ധാര്‍മ്മിക ഭ്രംശത്തിന്റെയും സാംസ്‌കാരിക അധ:പതനത്തിന്റെയും സമരമാര്‍ഗ്ഗം അരങ്ങേറിയത്.
പ്രിന്‍സിപ്പല്‍ ഡോ. മിനി ആലീസിന് നേരെ  കെഎസ്യു സംസ്ഥാന സെക്രട്ടറിയും വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയുമായ മിവ ജോളി കരി ഓയില്‍ ഒഴിച്ചെന്ന് പോലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു.

കോളേജ് ഓഫീസില്‍ നിന്നു പ്രിന്‍സിപ്പല്‍ പുറത്തേക്കിറങ്ങുന്നത് കാത്ത് കരി ഓയില്‍ കുപ്പിയുമായി നില്‍ക്കുകയായിരുന്നു മിവ ജോളി എന്നു വീഡിയോ ദൃശ്യങ്ങളുടെയും ദൃക്‌സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ എഫ്  ഐ ആറില്‍ വ്യക്തമാക്കുന്നുണ്ട്. കരി ഓയില്‍ കുപ്പിയുമായി പ്രിന്‍സിപ്പലിന്റെ നേരെ പാഞ്ഞടുത്ത മിവ ജോളിയെ തടയാന്‍ ശ്രമിച്ച സിപിഒ സന്ധ്യയെ മിവയും കൂട്ടുപ്രതികളും ചേര്‍ന്നു ഭീഷണിപ്പെടുത്തിയെന്നും  സംഘര്‍ഷത്തിനിടെ നിലത്ത് വീണ സന്ധ്യയ്ക്ക് പരിക്കേറ്റെന്നും എഫ് ഐ ആറില്‍ ഉണ്ട്.

കേസിലെ 10 പ്രതികളില്‍ മിവ ജോളി അടക്കം 7 പേര്‍ കോളേജിന് പുറത്തുള്ളവരാണ്.അച്ചടക്ക നടപടിയുടെ ഭാഗമായി നിര്‍ബന്ധിത ടി.സി നല്‍കിയവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെയാണ് കരി ഓയില്‍ പ്രയോഗം നടത്തിയത്. കഴിഞ്ഞ ഫെബ്രുവരി 26 നായിരുന്നു സംഭവം.

2017 ജനുവരി 19 നാണ് എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ കസേര പ്രധാന ഗേറ്റിനു മുന്നിലിട്ടു വിദ്യാര്‍ത്ഥി സംഘടനക്കാര്‍ കത്തിച്ചത്. അന്ന് ഡോ. എം. ലീലാവതി പറഞ്ഞു; 'പ്രിന്‍സിപ്പലിന്റെ ഇരിപ്പിടം ഭസ്മമാക്കുക എന്നത് സങ്കല്പത്തിനപ്പുറമുള്ള കാടത്തമാണ്.

ആ വ്യക്തിയെ തന്നെ കത്തിക്കുന്നതിന് തുല്യമാണ്. ' പാലക്കാട് വിക്ടോറിയ കോളേജില്‍ വനിതാ പ്രിന്‍സിപ്പലിന്റെ റിട്ടയര്‍മെന്റ് ദിനത്തില്‍ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ അവര്‍ക്ക് കുഴിമാടം ഒരുക്കി റീത്തു വച്ച് പ്രതിഷേധിച്ചു. അത് ആര്‍ട്ട് ഇന്‍സ്റ്റലേഷനായി (പ്രതിഷ്ഠാപന കല ) കാണണമെന്ന് ചിലര്‍ പറഞ്ഞു.

ഗുരുനിന്ദയുടെ മറ്റൊരു രൂപമായിരുന്നു ഇത് .2018 ല്‍ കാസര്‍ഗോഡ് ജില്ലയിലെ പടന്നക്കാട് നെഹ്‌റു കോളേജിലെ വനിതാ പ്രിന്‍സിപ്പലിനുള്ള യാത്രയയപ്പ് ചടങ്ങിനിടെ അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ക്യാമ്പസില്‍ പോസ്റ്റര്‍ പതിപ്പിച്ചു.

'വിദ്യാര്‍ഥി മനസ്സില്‍ മരിച്ച പ്രിന്‍സിപ്പലിന് ആദരാജ്ഞലികള്‍ .ദുരന്തം ഒഴിയുന്നു. ക്യാമ്പസ് സ്വതന്ത്രമാകുന്നു. നെഹ്‌റുവിന് ശാപമോശം'. ഇതായിരുന്നു പോസ്റ്ററിലെ വരികള്‍. 31 വര്‍ഷം നെഹ്‌റു കോളജില്‍ അധ്യാപികയും രണ്ടുവര്‍ഷം പ്രിന്‍സിപ്പലുമായിരുന്ന വ്യക്തിയുടെ യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു ഈ സംഭവം.

ഇതിന് പുറമെ യാത്രയയപ്പ് യോഗം നടക്കുമ്പോള്‍ പടക്കവും പൊട്ടിച്ചിരുന്നു. മക്കളെ പോലെ സ്‌നേഹിച്ച വിദ്യാര്‍ത്ഥികളില്‍ ചിലരുടെ കാടത്തം നിറഞ്ഞ പ്രതിഷേധ പ്രതിഷേധം വേദനിപ്പിച്ചെന്ന് പ്രിന്‍സിപ്പല്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കട്ടപ്പന ഗവണ്‍മെന്റ് കോളേജിന്റെ വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറുകയും റസിഡന്റ് ട്യൂട്ടര്‍ ചുമതല വഹിച്ചിരുന്ന അധ്യാപികയോട് മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ട് വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്തിരുന്നു. അവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പലിനെ എസ് എഫ് ഐ യുടെ നേതൃത്വത്തില്‍ ആറുമണിക്കൂര്‍ മുറിയില്‍ പൂട്ടിയിട്ടിരുന്നു. ഇത്തരം സംഭവങ്ങളുടെ തുടര്‍ച്ചയായി വേണം ആലുവ യു. സി കോളേജിലെ കാടത്തത്തെയും കാണാന്‍.

രാഷ്ട്രീയത്തിന്റെ കൈത്താങ്ങില്‍ എന്ത് തോന്ന്യാസവും കാണിക്കുന്ന വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ സമൂഹത്തിന്റെ മുന്നില്‍ ഉയര്‍ത്തുന്ന അപായ ഭീഷണി അത്യന്തം ഗൗരവമുള്ളതാണ്. കലാലയങ്ങള്‍ ഒരിക്കലും ആക്രമികളുടെ വിളനിലം ആകരുത്.

ആചാര്യന്‍ ദേവതുല്യനാണെന്ന് പഠിപ്പിക്കുന്ന നാട്ടിലാണ് ഇത്തരം കോപ്രായങ്ങള്‍ അരങ്ങേറുന്നത്. ഒരുകാലത്ത് നന്മയുടെയും പരസ്പര സ്‌നേഹത്തിന്റെയും സര്‍ഗാത്മകതയുടേയും വിളനിലങ്ങളായിരുന്നു കലാലയങ്ങള്‍. വ്യക്തിത്വവും സാമൂഹ്യബോധവും ജ്ഞാന തൃഷ്ണയും രൂപപ്പെടേണ്ട കലാലയങ്ങള്‍ ഇന്ന് ഹിംസാത്മകമാവുകയാണ് .


രാജ്യത്തെ ജനാധിപത്യ സംവിധാനവുമായി പരിചയിക്കാനും നല്ല ഭരണകര്‍ത്താക്കളായി മാറാനും വിദ്യാര്‍ത്ഥികളെ സഹായിക്കുമെന്ന ചിന്തയാണ് കലാലയ രാഷ്ട്രീയത്തെയും സംഘടനാ പ്രവര്‍ത്തനങ്ങളെയും ക്രിയാത്മാകമായി സമീപിക്കാന്‍ പക്വമതികളെ പ്രേരിപ്പിച്ചത്.

എന്നാല്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ അപഭ്രംശങ്ങള്‍ അക്രമത്തിലേക്കും  അരാജകത്വത്തിലേക്കും വഴിമാറുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കലാലയങ്ങളില്‍ പഠിക്കാന്‍ എത്തുന്നവര്‍ക്ക് എന്തു സന്ദേശമാണ് നല്‍കുക. പ്ലസ് ടു കഴിയുമ്പോഴേക്കും എങ്ങനെയെങ്കിലും കേരളം വിടുകയാണ് പ്രതിഭകളായ കുട്ടികള്‍. പ്രിന്‍സിപ്പലിനു പോലും രക്ഷയില്ലെങ്കില്‍ കുട്ടികള്‍ ഭയന്നോടും.

ഇവിടെ നടക്കുന്ന പല ക്യാപസ് അക്രമ സംഭവങ്ങളുടെയും സൂത്രധാരന്മാര്‍ പുറത്തുള്ള രാഷ്ട്രീയക്കാര്‍ തന്നെയായിരുന്നു. യു. സി. കോളേജിലെ അക്രമത്തിന് മുന്നിലും പിന്നിലും പുറമെ നിന്നുള്ളവരുണ്ട്. മുതിര്‍ന്ന നേതാക്കള്‍ കുട്ടികളെ ആയുധമാക്കുകയാണ്. കലാലയത്തിന്റെ പുറത്ത് നിന്നള്ളവര്‍ക്ക് ക്യാമ്പസില്‍ എന്ത് കാര്യം?. അവരെ മാതൃകാപരമായി ശിക്ഷിക്കണം. കലാപത്തിന് നേതൃത്വം നല്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ കലാലയങ്ങളില്‍ വരുന്നത് വലിയ ദുരന്തമാണ്.

 പഠനമാണ് പ്രധാനം എന്ന കാര്യം മറന്ന്,  പാര്‍ട്ടി രാഷ്ട്രീയത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളായി ചില മുതിര്‍ന്ന നേതാക്കള്‍ വിദ്യാലയങ്ങളെ കാണുന്നുണ്ട്. മാതൃസംഘടനക്കാര്‍ കുട്ടികളെ നേര്‍വഴിക്ക് നയിക്കണം. അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജക മരുന്നായി മുതിര്‍ന്നവര്‍ മാറരുത്. കുറ്റവാളികളെ സംരക്ഷിക്കുകയുമരുത്. 'ഞങ്ങള്‍ തന്നെ വിധികര്‍ത്താക്കള്‍, വിധിയും ഞങ്ങള്‍ നടപ്പാക്കും ' എന്ന മുഷ്‌ക് മുളയിലേ നുള്ളണം, തിരുത്തിക്കണം.


.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അക്രമവും പുറത്തുനിന്നുള്ളവരുടെ ഇടപെടലും ഉണ്ടാകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. പേനയ്ക്ക് പകരം ആയുധമെടുക്കുകയും ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയം തിരുത്താന്‍ സമയമായി. അരങ്ങ് വാഴുന്ന അക്രമ-അരാജകത്വ വാസനകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ മോചിപ്പിക്കാന്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുംബാധ്യതയുണ്ട്.

ഭാരതീയ സംസ്‌കൃതിയില്‍ ഏറ്റവും സമുന്നതമേത് എന്നതിന് ലഭിക്കുന്ന ഒരേ ഒരു പ്രത്യുത്തരമാണ് ഗുരു എന്നത്. 'ന  ഗുരോരധികം തത്വം, ന ഗുരോമധികം തപ: ' (ഗുരുവിനേക്കാള്‍ വലിയൊരു തത്വമില്ല, ഗുരുവിനേക്കാള്‍ വലിയൊരു തപസ്സുമില്ല).

 ഗുരുവിനെ ഈശ്വരതുല്യനായി കാണുന്ന ഒരു സംസ്‌കൃതിയിലാണ് ഗുരുവിന്റെ മുഖത്ത് കരിയഓയില്‍ ഒഴിക്കുന്നത്. എത്ര മലിനമായ മനസ്സാകും ആ പ്രവര്‍ത്തിക്ക് മുതിരുന്നവരുടേത്. ഗുരു ശിഷ്യബന്ധത്തിന്റെ പാവനത കളങ്കപ്പെടുന്ന സംഭവങ്ങള്‍ ഇനി ഒരിക്കലും ആവര്‍ത്തിക്കാതിരിക്കട്ടെ. ഓര്‍ക്കുക; ഗുരു നിന്ദ മഹാ പാപമാണ്. 


(അഭിഭാഷകനും ട്രെയ്‌നറും മെന്ററുമായ ലേഖകന്‍, കാലടി ശ്രീ ശങ്കരാ കോളേജ് യൂണിയന്‍ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, കളമശ്ശേരി രാജഗിരി കോളേജ് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
8075789768 )

Tags

Share this story

From Around the Web