നിങ്ങൾ ദുഃഖത്തിലാണോ? സന്തോഷത്തിലേക്ക് നയിക്കാൻ സഹായിക്കുന്ന കാര്യങ്ങൾ
നിങ്ങൾ അനുഭവിക്കുന്ന സമ്മർദത്തിൽ നിന്നും ഉത്കണ്ഠയിൽ നിന്നും രക്ഷനേടാൻ സഹായിക്കുന്ന ധാരാളം കാര്യങ്ങൾ നമുക്ക് ചുറ്റുമുണ്ട്. നിങ്ങളുടെ സ്വകാര്യ സന്തോഷ സ്ഥലത്തേക്ക് നിങ്ങളെ കൊണ്ടുപോകാൻ സഹായിക്കുന്ന ചില എളുപ്പവഴികൾ ഏതൊക്കെയാണെന്ന് നോക്കാം.
1. ധ്യാനം പരിശീലിക്കുക
ആദ്യം നമുക്കായി ശാന്തമായ ഒരിടം കണ്ടെത്തുക. സുഖകരമായ രീതിയിൽ ശാന്തമായി ഇരിക്കുകയും സാവധാനത്തിൽ ആഴത്തിൽ ശ്വാസമെടുത്ത് പതിയെ പുറത്തേക്ക് വിടുകയും ചെയ്യുക.
നിങ്ങൾക്ക് സന്തോഷവും സമാധാനവും നൽകിയ ഒരിടം മനസ്സിൽ കാണുകയും കാണുന്ന കാഴ്ചകൾ മനസ്സിൽ ആസ്വദിക്കുകയും ചെയ്യുക. ഏകദേശം 15 മിനിറ്റോളം ധ്യാനിക്കുകയും സാവധാനത്തിലുള്ള ശ്വാസം തുടർന്നും എടുക്കുകയും ചെയ്യുക.
2. പുറത്ത് സമയം ചെലവഴിക്കുക
ഒരല്പം ഇടവേളയെടുത്ത് നടക്കാൻ പോകുകയോ സൈക്കിൾ ഓടിക്കുകയോ ചെയ്യാം. സൂര്യപ്രകാശവും അല്പം വ്യായാമവും നിങ്ങളുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്തും. ഇത് മനസ്സിനും ശരീരത്തിനും സന്തോഷം നൽകാനുള്ള ലളിതമായ വഴിയാണ്.
3. മനോഹരമായ ഒരിടം കണ്ടെത്തുക
നിങ്ങൾക്ക് ശാന്തതയും സന്തോഷവും നൽകുന്ന ഒരിടം സന്ദർശിക്കുക. അതൊരു പൂന്തോട്ടം ആകാം അല്ലെങ്കിൽ നിങ്ങളുടെ വീട്ടിലെ മനോഹരമായി അലങ്കരിച്ച ഒരു മുറിയാകാം. നിങ്ങൾക്ക് മനോഹരമായി തോന്നുന്ന ഏത് സ്ഥലവും മനസ്സമാധാനം നൽകാൻ നിങ്ങളെ സഹായിക്കും.
4. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക
നിങ്ങൾക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾക്കായി സമയം കണ്ടെത്താൻ ശ്രമിക്കുക. നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരു പ്രോജക്റ്റിലോ ഹോബിയിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
5. പ്രിയപ്പെട്ട പുസ്തകം വീണ്ടും വായിക്കുക
നിങ്ങളുടെ മനസ്സിനെ മറ്റൊരു സന്തോഷകരമായ ലോകത്തേക്ക് കൊണ്ടുപോകാൻ വായനയ്ക്ക് കഴിയും. നിങ്ങൾക്കിഷ്ടപ്പെട്ട ഒരു പുസ്തകം വീണ്ടും വായിക്കുന്നത് അത് ആദ്യമായി വായിച്ചപ്പോഴുള്ള സന്തോഷകരമായ ഓർമ്മകൾ തിരികെ കൊണ്ടുവരാൻ നിങ്ങളെ സഹായിക്കും.
6. കൂട്ടുകാരുമായി സമയം ചെലവഴിക്കുക
പഴയ സുഹൃത്തുക്കളുമായി സംസാരിക്കുന്നതും നല്ല നിമിഷങ്ങൾ ഓർത്തെടുക്കുന്നതും നിങ്ങളുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്താൻ സഹായിക്കും.
പഴയ കൂട്ടുകാരെ വിളിച്ച് വിശേഷങ്ങൾ പങ്കുവെക്കുകയും പഴയ നല്ല കാലത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യാം. അവരുമായി ഒത്തുചേരുക, സിനിമ കാണുക, അല്ലെങ്കിൽ ഭക്ഷണം കഴിക്കാൻ പുറത്ത് പോകുക തുടങ്ങിയ കാര്യങ്ങൾ നിങ്ങൾക്ക് സന്തോഷം നൽകാൻ സഹായിക്കുന്നവയാണ്. നിങ്ങൾ സ്നേഹിക്കുന്ന ആളുകളോടൊപ്പം സമയം ചെലവഴിക്കുന്നത് സന്തോഷത്തിലേക്കുള്ള എളുപ്പവഴിയാണ്.
7. കളികളിൽ ഏർപ്പെടുക
ഓരോ ദിവസവും കുറഞ്ഞത് കുറച്ച് നേരമെങ്കിലും കളിക്കാനായി നീക്കിവെക്കുക. ഇത് നിങ്ങളുടെ മനസിനെ സന്തോഷിപ്പിക്കും. ബാസ്കറ്റ്ബോൾ കളിക്കുകയോ, ഫുട്ബോൾ പരിശീലിക്കുകയോ ചെയ്യുന്നത് ശാരീരികമായി സജീവമായിരിക്കാനും സന്തോഷം നേടാനും സഹായിക്കും.
കളികൾ സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും മനസ്സ് ഉണർവുള്ളതായി നിലനിർത്താനും സഹായിക്കുന്നു.
8. വിശപ്പ്, ദേഷ്യം, ഒറ്റപ്പെടൽ, ക്ഷീണം ഇവ ഓർക്കുക
നിങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടോ എന്ന് ഓർമ്മിപ്പിക്കാനുള്ള ഒരു വഴിയാണ് എച്ച് എ എൽ ടി ( H-A-L-T ) എന്ന ചുരുക്കെഴുത്ത്. നിങ്ങൾക്ക് സമ്മർദ്ദമോ ക്ഷീണമോ അനുഭവപ്പെടുമ്പോൾ എച്ച് എ എൽ ടി നെക്കുറിച്ച് ചിന്തിക്കുക. വിശക്കുന്നുണ്ടോ, ദേഷ്യമുണ്ടോ, ഒറ്റപ്പെട്ടോ, ക്ഷീണിച്ചോ എന്ന് സ്വയം പരിശോധന നടത്തുക.
9. പുതിയ സ്ഥലങ്ങൾ സന്ദർശിക്കുക
യാത്ര ചെയ്യാനായി വലിയ തുക ചെലവഴിക്കേണ്ട ആവശ്യമില്ല. നിങ്ങൾ താമസിക്കുന്ന സ്ഥലത്തിന് അടുത്തുള്ള ഇതുവരെ പോകാത്ത ഒരു സ്ഥലത്തേക്ക് ഒരു ദിവസത്തെ യാത്ര പോകുക. പുതിയ അനുഭവങ്ങൾ നേടാൻ ഇത് സഹായിക്കും. സ്വന്തം നാട്ടിലെ ഇതുവരെ പോകാത്ത ഹോട്ടലുകൾ, കടകൾ, അല്ലെങ്കിൽ ആ പ്രദേശത്തെ നല്ല സ്ഥലങ്ങൾ എന്നിവ സന്ദർശിക്കാവുന്നതാണ്.
10. സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക
സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ നിങ്ങൾക്ക് നല്ലൊരു അനുഭവം നൽകുന്നതോടൊപ്പം അത് മറ്റുള്ളവർക്ക് ഉപകാരപ്രദമാവുകയും ചെയ്യും. നിങ്ങൾക്ക് മാറ്റിവെയ്ക്കാൻ കഴിയുന്ന സമയം സന്നദ്ധസേവനത്തിനായി നീക്കിവയ്ക്കുന്നത് നിങ്ങൾക്കും സന്തോഷം നൽകുന്ന ഒരു കാര്യമായി അത് മാറും.
മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ നിങ്ങളിൽ ഒരുപാട് മാറ്റങ്ങൾ വരുത്താൻ കഴിയും. അതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന അഭിമാനം നിങ്ങളുടെ സന്തോഷം വർദ്ധിപ്പിക്കും.
സീനിയ എൽസ ഇഗ്‌നേഷ്യസ്
കടപ്പാട് ലൈഫ് ഡേ