നന്മകൾ നിറഞ്ഞ വ്യക്തിത്വം തിരിച്ചറിയാം
ഒരു വ്യക്തിയുടെ യഥാർത്ഥ മഹത്വം സമ്പത്തിലോ സ്ഥാനത്തിലോ പ്രശസ്തിയിലോ അല്ല; അയാൾ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നതിലാണ്.
നന്മകൾ നിറഞ്ഞ വ്യക്തിയെ തിരിച്ചറിയാൻ വലിയ വാക്കുകളോ പ്രകടനങ്ങളോ ആവശ്യമില്ല. മറ്റുള്ളവരുടെ വേദന മനസ്സിലാക്കുന്നവൻ, ആവശ്യസമയത്ത് കൈത്താങ്ങാകുന്നവൻ, ആരും കാണാതെ നന്മ ചെയ്യുന്നവൻ—അവനിലാണ് യഥാർത്ഥ നന്മ.
എങ്ങനെ തിരിച്ചറിയാം?
ഒരാളുടെ വ്യക്തിത്വം മനസ്സിലാക്കാൻ നമ്മോടുള്ള പെരുമാറ്റം മാത്രം നോക്കരുത്. അയാൾ തനിക്ക് പ്രയോജനമില്ലാത്തവരോടും ദുർബലരോടും എങ്ങനെ പെരുമാറുന്നു എന്നതും ശ്രദ്ധിക്കണം.
തെറ്റ് സംഭവിച്ചാൽ അത് അംഗീകരിക്കുമോ?
വിമർശനം കേട്ട് സ്വയം തിരുത്തുമോ?
മറ്റുള്ളവരുടെ വിജയത്തിൽ സന്തോഷിക്കുമോ?
അധികാരം ലഭിച്ചാലും വിനയം കാത്തുസൂക്ഷിക്കുമോ?
വ്യത്യസ്ത അഭിപ്രായങ്ങളുള്ളവരെ ബഹുമാനിക്കുമോ?
ആരും കാണാത്തപ്പോഴും നന്മ ചെയ്യുമോ?
വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തമാണ് വ്യക്തിത്വത്തിന്റെ യഥാർത്ഥ അടയാളം.
വാക്കുകളിൽ മാത്രം കാരുണ്യവും ക്ഷമയും കരുതലും ഉണ്ടായാൽ പോരാ. അവ നിത്യജീവിതത്തിലെ പ്രവൃത്തികളിലും ബന്ധങ്ങളിലും പ്രകടമാകണം.
കരുണയെക്കുറിച്ച് പറയുന്നതിനു പകരം വേദനിക്കുന്നവന്റെ അടുത്തെത്തണം.
ക്ഷമയെക്കുറിച്ച് പറയുന്നതിനു പകരം ക്ഷമിക്കാൻ പഠിക്കണം.
കരുതലിനെക്കുറിച്ച് പറയുന്നതിനു പകരം ആവശ്യക്കാരന് കൈത്താങ്ങാകണം.
നന്മ വാക്കുകളിൽ ഒതുങ്ങുമ്പോൾ അത് ആശയമാണ്; പ്രവൃത്തിയായി മാറുമ്പോഴാണ് അത് വ്യക്തിത്വമാകുന്നത്.
മറ്റുള്ളവരെ വിലയിരുത്തുന്നതിന് മുമ്പ് സ്വയം വിലയിരുത്താം
മറ്റുള്ളവരുടെ കുറവുകൾ കാണാൻ നാം എളുപ്പത്തിൽ തയ്യാറാകുന്നു. എന്നാൽ സ്വന്തം ജീവിതത്തെ അതേ അളവുകോലിൽ പരിശോധിക്കാറുണ്ടോ?
ഞാൻ സത്യസന്ധനാണോ?
എന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടോ?
സഹായം ആവശ്യമുള്ളവരെ ഞാൻ അവഗണിക്കുന്നുണ്ടോ?
ആരും കാണാത്തപ്പോഴും ഞാൻ നന്മ ചെയ്യാറുണ്ടോ?
മറ്റുള്ളവരെ തിരുത്തുന്നതിന് മുമ്പ് സ്വയം തിരുത്താം.
മറ്റുള്ളവരെ വിലയിരുത്തുന്നതിന് മുമ്പ് സ്വയം വിലയിരുത്താം.
നന്മകൾ നിറഞ്ഞ സമൂഹം സൃഷ്ടിക്കാം
സമൂഹം മാറണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ മാറ്റം നമ്മിൽ നിന്ന് ആരംഭിക്കണം.
ഇന്ന് തന്നെ ഒരു നന്മ ചെയ്യാം.
വേദനിക്കുന്ന ഒരാളോട് ആശ്വാസവാക്ക് പറയാം.
ഒറ്റപ്പെട്ട ഒരാളുടെ അടുത്തേക്ക് ചെല്ലാം.
സഹായം ആവശ്യമുള്ളവന് കൈത്താങ്ങാകാം.
നമ്മെ വേദനിപ്പിച്ച ഒരാളോട് ക്ഷമിക്കാൻ ശ്രമിക്കാം.
നമ്മുടെ കുടുംബത്തിലും സൗഹൃദങ്ങളിലും ജോലിസ്ഥലത്തും ബഹുമാനവും കരുതലും വളർത്താം.
ആരും കാണുന്നില്ലെങ്കിലും നന്മ ചെയ്യുക.
പ്രതിഫലം പ്രതീക്ഷിക്കാതെയും നന്മ ചെയ്യുക.
മറ്റൊരാൾ തുടങ്ങട്ടെ എന്ന് കാത്തിരിക്കാതെ നമുക്ക് തന്നെ തുടങ്ങാം.
നമ്മുടെ വീടുകളിൽ നന്മ വളരട്ടെ.
നമ്മുടെ ബന്ധങ്ങളിലൂടെ അത് പകരട്ടെ.
നമ്മുടെ സമൂഹത്തിൽ അത് വേരൂന്നട്ടെ.
നന്മകൾ നിറഞ്ഞ വ്യക്തിത്വം നമുക്ക് നൽകണമേ. നമ്മുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവർത്തകരും സ്നേഹവും കരുണയും ക്ഷമയും കരുതലും നിറഞ്ഞവരാകട്ടെ.
നന്മ തിരിച്ചറിയാം.
നന്മയായി ജീവിക്കാം.
നന്മ പകരാം.
നന്മകൾ നിറഞ്ഞ ഒരു സമൂഹം നമുക്ക് ചേർന്ന് സൃഷ്ടിക്കാം.🙏🏽
— സാബു ജോസ്
9446329343.