നിശ്ശബ്ദമായി മാഞ്ഞുപോയ ജീവനുകൾക്കായി ഒരു ഓർമ്മദിനം : ജീവന്റെ സുവിശേഷവുമായി പ്രൊ-ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്

 
pregenent


ഭൂമിയിൽ കണ്ണുതുറക്കാൻ ഭാഗ്യം ലഭിക്കാതെ, ഗർഭപാത്രത്തിന്റെ ഇരുളിൽത്തന്നെ ജീവൻ നിലച്ചുപോയ ലക്ഷക്കണക്കിന് അജാത ശിശുക്കളുടെ (unborn children) ഓർമ്മയ്ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആളുകൾ ഒന്നിക്കുകയാണ്. 

എല്ലാ വർഷവും സെപ്റ്റംബർ മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ച ആചരിക്കുന്ന 'നാഷണൽ ഡേ ഓഫ് റിമെംബ്രൻസ് ഫോർ അബോർട്ടഡ് ചിൽഡ്രൻ' (National Day of Remembrance for Aborted Children) എന്ന ദിനത്തിന് ഇനി രണ്ടാഴ്ച മാത്രം ശേഷിക്കുന്നു. 

ഒരു ജനന സർട്ടിഫിക്കറ്റോ, പേരോ, ആരും തേടിയെത്താത്ത ശവക്കല്ലറയോ പോലുമില്ലാതെ കടന്നുപോയ ആ കുഞ്ഞുങ്ങളെ വ്യക്തികളായി അംഗീകരിക്കാനും അവരുടെ ആത്മാക്കൾക്കായി പ്രാർത്ഥിക്കാനുമുള്ള അവസരമായാണ് ഈ ദിനം കണക്കാക്കപ്പെടുന്നത്.


🕊️ ചരിത്രവും പശ്ചാത്തലവും:

 മറവിയിൽ നിന്ന് ഓർമ്മകളിലേക്ക്
1970-കളിലും 80-കളിലും അമേരിക്കയിലെ വിവിധ നഗരങ്ങളിലെ ഭ്രൂണഹത്യാ ക്ലിനിക്കുകളിൽ നിന്നും ലബോറട്ടറികളിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ പതിനായിരക്കണക്കിന് ഭ്രൂണാവശിഷ്ടങ്ങൾ കണ്ടെത്തുകയുണ്ടായി. മാലിന്യക്കൂമ്പാരങ്ങളിൽ നിന്നും ഡ്രെയിനേജുകളിൽ നിന്നും കണ്ടെടുത്ത ഈ കുരുന്നുകളുടെ ഭൗതികാവശിഷ്ടങ്ങൾ വിവിധ ജീവകാരുണ്യ പ്രവർത്തകരും പ്രോ-ലൈഫ് സംഘടനകളും ചേർന്ന് ഏറ്റുവാങ്ങി മാന്യമായ രീതിയിൽ സെമിത്തേരികളിൽ അടക്കം ചെയ്തു.
1988 സെപ്റ്റംബറിൽ വിസ്കോൺസിനിലെ മിൽവാക്കിയിൽ ഇത്തരത്തിൽ കണ്ടെത്തിയ 1,200-ലധികം അജാത ശിശുക്കളുടെ മൃതദേഹാവശിഷ്ടങ്ങൾ പൊതു ശ്മശാനത്തിൽ ആദരവോടെ സംസ്കരിച്ചു. 

ഈ ചരിത്ര സംഭവത്തിന്റെ ഓർമ്മ നിലനിർത്താനാണ് സെപ്റ്റംബറിലെ രണ്ടാമത്തെ ശനിയാഴ്ച ഈ ദിനാചരണത്തിനായി തിരഞ്ഞെടുത്തത്.
തുടർന്ന് 2013-ൽ, അമേരിക്കയിലെ പ്രമുഖ പ്രോ-ലൈഫ് പ്രസ്ഥാനങ്ങളായ 'സിറ്റിസൺസ് ഫോർ എ പ്രോ-ലൈഫ് സൊസൈറ്റി' (Citizens for a Pro-Life Society), 'പ്രോ-ലൈഫ് ആക്ഷൻ ലീഗ്' (Pro-Life Action League), 'പ്രിസ്റ്റ്സ് ഫോർ ലൈഫ്' (Priests for Life) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഈ ദിനം ഔദ്യോഗികമായി ആചരിച്ചു തുടങ്ങി.

 ഇന്ന് കാനഡ, അയർലൻഡ്, മെക്സിക്കോ, ഫിലിപ്പീൻസ് തുടങ്ങിയ നിരവധി രാജ്യങ്ങളിലേക്കും ഈ മുന്നേറ്റം വ്യാപിച്ചിട്ടുണ്ട്.


🕯️ കേരളത്തിലെ പ്രോ-ലൈഫ് മുന്നേറ്റങ്ങളും ഓർമ്മകളും


ആഗോളതലത്തിൽ ഈ ദിനം ആചരിക്കപ്പെടുമ്പോൾ, കേരളത്തിലും ജീവന്റെ സംരക്ഷണത്തിനായി നടന്ന വലിയ മുന്നേറ്റങ്ങളെ നന്ദിയോടെ ഓർക്കേണ്ടതുണ്ട്.

 കെ.സി.ബി.സി (KCBC) പ്രൊ-ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ മൂന്ന് ആഴ്ചകൾ തുടർച്ചയായി കേരളത്തിൽ സംഘടിപ്പിച്ച "മാർച്ച് ഫോർ ലൈഫ് - കേരള" എന്ന ചരിത്രപ്രസിദ്ധമായ ജീവൻ സംരക്ഷണ യാത്ര,ജീവന്റെ സദ്വാർത്ത സമൂഹത്തിന്റെ നാനാതുറകളിലേക്ക് എത്തിച്ച ഉജ്ജ്വലമായ അനുഭവമായിരുന്നു.കാഞ്ഞങ്ങാട് നിന്നും തിരുവനന്തപുരത്തേക്ക് 

 ആ മഹത്തായ പദ്ധതിയുടെ ജനറൽ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കാനും ജീവന്റെ സന്ദേശം നാടുനീളെ പ്രഘോഷിക്കാനും സാധിച്ചത് വലിയൊരു ദൈവാനുഗ്രഹമായി കാണുന്നു.

 കേരളത്തിൽ അരങ്ങേറിയ 'ജീവസമൃദ്ധി',(2011) 'കാരുണ്യകേരള സന്ദേശ യാത്ര'(2017) തുടങ്ങിയ പ്രോ-ലൈഫ് പദ്ധതികളും കേരളമണ്ണിൽ ജീവന്റെ സംസ്കാരം ആഴത്തിൽ വേരൂന്നാൻ വളരെയധികം സഹായിച്ചു. അതിനായി പ്രയത്നിച്ച ഏവരെയും ഓർത്തു ദൈവത്തിന് നന്ദി അർപ്പിക്കുന്നു.


ഈ അനുഭവങ്ങളുടെ വെളിച്ചത്തിൽ, കേരളത്തിലെ എല്ലാ ഇടവകകളിലും പ്രൊ-ലൈഫ് സമിതികൾ രൂപീകരിക്കപ്പെടേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ അടിയന്തര ആവശ്യമാണ്.

 ഇടവകകൾ കേന്ദ്രീകരിച്ച് സമിതികൾ പ്രവർത്തിക്കുമ്പോൾ മാത്രമേ ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷണവും പ്രതിസന്ധിയിലാകുന്ന അമ്മമാർക്കുള്ള സഹായങ്ങളും ഏറ്റവും താഴെത്തട്ടിൽ ഫലപ്രദമായി എത്തിക്കാൻ സാധിക്കൂ.
🙏

 മാനസാന്തരത്തിലേക്കും പരിഹാര പ്രാർത്ഥനയിലേക്കും ഒരു ക്ഷണം
ഗർഭഛിദ്രം (ഭ്രൂണഹത്യ / അബോർഷൻ) നടത്തിയവരും, അതിന് പ്രേരണയോ സമ്മതമോ പ്രോത്സാഹനമോ നൽകിയവരും ഗൗരവമായ ആത്മപരിശോധന നടത്തി മാനസാന്തരപ്പെടേണ്ടതുണ്ട്.

 മുൻകാലങ്ങളിൽ സംഭവിച്ചുപോയ തെറ്റുകൾ ഓർത്ത് ദൈവതിരുമുമ്പിൽ ഉചിതമായ പ്രായശ്ചിത്തം ചെയ്യുകയും,പരിഹാര പ്രാർത്ഥനകൾ നടത്തുകയും ചെയ്യുക എന്നത് ഓരോരുത്തരുടെയും കടമയാണ്.


കുറ്റബോധത്തിൽ തളർന്നുപോകാതെ, ജീവന്റെ സുവിശേഷത്തിനായി സമർപ്പിതരായി ജീവിക്കുകയും ആലംബഹീനരായ കുഞ്ഞുങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് നമുക്ക് ജീവന്റെ സംസ്കാരം വീണ്ടെടുക്കാം.

🌐 പ്രൊ-ലൈഫ് ഗ്ലോബൽ ഫെലോഷിപ്പിന്റെ ദൗത്യം


ജീവന്റെ സുവിശേഷം ലോകം മുഴുവൻ എത്തിക്കുക എന്ന ഉദാത്തമായ ലക്ഷ്യത്തോടെയാണ് പ്രൊ-ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് (Pro-Life Global Fellowship) മുന്നോട്ട് നീങ്ങുന്നത്. ഉദരത്തിൽ ഉരുവാകുന്ന ഓരോ ജീവനും സുരക്ഷിതത്വവും ആദരവും ഉറപ്പുവരുത്തുക, നിശ്ശബ്ദരായ കുരുന്നുകൾക്കായി ശബ്ദമുയർത്തുക, തെറ്റായ വഴികളിലൂടെ പോയവർക്ക് മാനസാന്തരത്തിന്റെയും ആശ്വാസത്തിന്റെയും വഴി കാട്ടിക്കൊടുക്കുക എന്നിവയാണ് ഇതിന്റെ കാതൽ.
ജീവന്റെ സംരക്ഷണത്തിനായുള്ള ഈ വലിയ പരിശ്രമങ്ങളിൽ പങ്കാളികളാകുവാൻ എല്ലാ നല്ല മനുഷ്യരോടും, വിശ്വാസ സമൂഹത്തോടും പ്രൊ-ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.


✨ ഉപസംഹാരം


സ്വന്തമായി ശബ്ദമുയർത്താൻ കഴിയാതെ പോയ ആ കുരുന്നുകൾ വെറുമൊരു കണക്കല്ല, മറിച്ച് ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ടായിരുന്ന മനുഷ്യരായിരുന്നു എന്ന തിരിച്ചറിവ് ഓരോ മനസ്സിലും ഉണ്ടാവണം. ഗർഭഛിദ്രത്തിലൂടെ നിശ്ശബ്ദമായി ഇല്ലാതായ കുഞ്ഞുങ്ങൾക്കായി തെളിയുന്ന ഓരോ മെഴുകുതിരിയും ലോകത്തിന് നൽകുന്നത് ഒരൊറ്റ സന്ദേശമാണ് — മനുഷ്യജീവൻ പവിത്രമാണ്, അത് അമ്മയുടെ ഉദരത്തിലായാലും ഈ ഭൂമിയിലായാലും സംരക്ഷിക്കപ്പെടുക തന്നെ വേണം.
✍️ :
 സാബു ജോസ് 
📍 എറണാകുളം
📞 9446329343

Tags

Share this story

From Around the Web