യേശു പറഞ്ഞു; 'ഇതെന്റെ ശരീരവും രക്തവുമാകുന്നു; നിങ്ങള്‍ ഇതുവാങ്ങി ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുവിന്‍'; ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ നാളെ പെസഹാത്തിരുനാള്‍ ആചരിക്കും

തൃശൂര്‍: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ നാളെ പെസഹാത്തിരുനാള്‍ ആചരിക്കുകയാണ്. ക്രിസ്തുനാഥന്‍ വിശുദ്ധ കുര്‍ബാന സ്ഥാപിച്ച ദിനമാണ് പെസഹാ.
പെസഹാ' എന്ന വാക്കിന്റെ അര്‍ഥം 'കടന്നുപോകല്‍' എന്നാണ്. ഈജിപ്തിലെ ഫറവോയുടെ അടിമത്തത്തില്‍നിന്നും ഇസ്രായേല്‍ ജനത്തെ ദൈവം രക്ഷിച്ച കഥ അനുസ്മരിക്കുന്നതായിരുന്നു അന്നുവരെ പെസഹ.
പഴയനിയമത്തിന്റെ തുടര്‍ച്ചയെന്നോണം ശിഷ്യരുമൊത്ത് പെസഹാ അപ്പം മുറിക്കാനായി ഇരുന്ന ക്രിസ്തു പതിവില്‍നിന്നു വിഭിന്നമായി അപ്പവും വീഞ്ഞുനിറച്ച കാസയും എടുത്ത് 'ഇതെന്റെ ശരീരവും രക്തവുമാകുന്നു; നിങ്ങള്‍ ഇതുവാങ്ങി ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുവിന്‍' എന്നരുള്‍ചെയ്തു. ഈ വിശുദ്ധകുര്‍ബാനസ്ഥാപനത്തിന്റെ തിരുനാളാണ് നാളെ.
യേശു ശിഷ്യരുടെ പാദങ്ങള്‍ കഴുകി വിനയത്തിന്റെ അത്യുദാത്തമാതൃക തീര്‍ത്തതും പെസഹാദിനത്തിലാണ്. ഈ രണ്ട് ഓര്‍മകളും ലോകമെന്പാടുമുള്ള ക്രൈസ്തവര്‍ നാളെ അനുസ്മരിക്കുകയും ആചരിക്കുകയും ചെയ്യും.
സീറോ മലബാര്‍-മലങ്കര സഭകളില്‍ രാവിലെയും ലത്തീന്‍ സഭയില്‍ വൈകിട്ടുമാണ് തിരുക്കര്‍മങ്ങള്‍. വിശുദ്ധ കുര്‍ബാന സ്ഥാപനദിനമായതിനാല്‍ രാവിലെ മുതല്‍ വൈകിട്ടുവരെ അഖണ്ഡ ആരാധനയും രാത്രി പൊതു ആരാധനയും അപ്പംമുറിക്കല്‍ ശുശ്രൂഷയും നടക്കും. ലത്തീന്‍ സഭയില്‍ അര്‍ധരാത്രിവരെ ആരാധന നടക്കും.
യേശുക്രിസ്തു ഗാഗുല്‍ത്തായിലെ കുരിശില്‍ ജീവന്‍ വെടിഞ്ഞ് ലോകത്തെ മുഴുവന്‍ പാപത്തില്‍നിന്നും രക്ഷിച്ചുവെന്നാണ് ക്രൈസ്തവവിശ്വാസം. ഇതിന്റെ ഓര്‍മയാണ് ദുഃഖവെള്ളി ആചരണം.
രാവിലെ ദേവാലയങ്ങളില്‍ പീഡാനുഭവ ചരിത്രവായന ഉള്‍പ്പടെയുള്ള തിരുക്കര്‍മങ്ങള്‍ നടക്കും. വൈകിട്ട് പീഡാനുഭവപ്രദക്ഷിണം, നഗരികാണിക്കല്‍ ശുശ്രൂഷ, പീഡാനുഭവസന്ദേശം എന്നിവ ഉണ്ടായിരിക്കും. ലത്തീന്‍ സഭയില്‍ വൈകിട്ടാണു പീഡാനുഭവ ചരിത്രവായന ഉള്‍പ്പടെയുള്ള തിരുക്കര്‍മങ്ങള്‍. രാത്രി പത്തരയോടെ കബറടക്കവും നടക്കും.