15 പൈസയുടെ ഐസ് മിട്ടായിയും ചെവിയിൽ പിടിച്ച ആയയും; ഒരു സ്കൂൾ കാലത്തെ ഓർമ്മച്ചിത്രം
നാലാം ക്ലാസിൽ പഠിച്ചുകൊണ്ടിരുന്ന ഞാൻ, ഒരു ദിവസം രാവിലെ ജോലിക്ക് പോകുന്നതിനായി തന്ത്രപ്പാടിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന അമ്മയോട് ഒരു അശരീരി കണക്കെ പറഞ്ഞു..
" എനിക്ക് 15 പൈസ വേണം. സ്കൂളിന്റെ ഗേറ്റിന് പുറത്ത് തമിഴൻ സെൽവൻ ഉച്ചയ്ക്ക് ഐസ് മിട്ടായി കൊണ്ടുവരും. എല്ലാരും വാങ്ങി കഴിക്കും. എനിക്കും കഴിക്കണം. എനിക്ക് 15 പൈസ വേണം!"
രാവിലെ നാലുമണിക്ക് എണീറ്റ്, ചോറുണ്ടാക്കി കറി ഉണ്ടാക്കി, എല്ലാവർക്കും ബ്രേക്ഫാസ്റ്റ് ഉണ്ടാക്കി, ചെടിക്ക് നനച്ച്, മുറ്റം തൂത്ത് , കുളിച്ചൊരുങ്ങി ഏഴരയ്ക്കുള്ള ബസ്സിന് കയറാനായി സ്വന്തം ജീവനും കയ്യിൽ പിടിച്ച് തേരാപ്പാര ഓടുന്ന അമ്മയ്ക്ക് ഞാൻ പറഞ്ഞത് കേട്ടപ്പോൾ ദേഷ്യം വന്നു...
" ഇവിടെ കൊണ്ടു വച്ചിരിക്കുന്ന മിക്സ്ചറും, വാഴക്കാ ചിപ്സും, എള്ളുണ്ടയും ഒക്കെ തിന്നു തീർക്കുന്നതാരാണ്? ഹോർലിക്സ് കുപ്പിയിൽ നിന്ന് ആരാണ് കട്ട് തിന്നുന്നത്? അതുപോരാതെ നിശബ്ദനായി അടുക്കളയിൽ കയറിയിറങ്ങി അടച്ചുവച്ചിരിക്കുന്ന പിണ്ണാക്ക് വരെ നീ ഈയിടെയായി എടുത്ത് തിന്നുന്നുണ്ട്...
"ഇനി അതിന്റെ കൂടെ തോട്ടിലെ വെള്ളത്തിൽ നിന്ന് ഉണ്ടാക്കിയ ഐസ് മിട്ടായി കൂടെ കഴിച്ച് പ്രശ്നമാക്കണ്ട. ഒരു പൈസയും തരുന്നില്ല. അല്ലെങ്കിൽ തന്നെ തീറ്റി മാത്രമേ ഉള്ളൂ. പഠിത്തമൊക്കെ കുറവാണ്. ഹിന്ദിക്ക് കഴിഞ്ഞ പരീക്ഷയ്ക്ക് വെറും ആറ് മാർക്കാണ് കിട്ടിയത്. തിന്നുന്നതിനെക്കുറിച്ച് മാത്രം എപ്പോഴും ചിന്തിക്കാതെ പോയി വല്ലോം പഠിക്ക് ചെറുക്കാ"...
മേശപ്പുറത്ത് ഇരിക്കുന്ന മടക്ക് കുടയെടുത്ത് മടക്കി ബാഗിലേക്ക് വെച്ചുകൊണ്ട് ധൃതിയിൽ ചെരുപ്പിട്ടു ജോലിക്കായി പുറത്തേക്കിറങ്ങവേ അമ്മ എന്നോട് പറഞ്ഞു..
എനിക്ക് ശരിക്കും സങ്കടം വന്നു. പറയുന്നതിൽ ഒക്കെ കുറച്ചു കാര്യമുണ്ടെങ്കിലും ഹോർലിക്സ് കട്ട് തിന്നുന്നത് ഞാൻ മാത്രമല്ല. ആ കാര്യത്തിൽ എന്റെ ചേട്ടനും പങ്കുണ്ട്. ഞാൻ കൂട്ട് പ്രതിയാണെന്ന് മാത്രം. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം?
അന്ന് ഉച്ചയ്ക്ക് ഭക്ഷണത്തിനായി സ്കൂൾ വിട്ടപ്പോൾ, ഞാനും എന്റെ കൂട്ടുകാരൻ ആസിഫ് സലീമും, ബിബു ക്ലീറ്റസും കൂടി പെട്ടെന്ന് തന്നെ ചോറ്റു പാത്രത്തിൽ നിന്ന് എല്ലാം വാരിവലിച്ച് കഴിച്ചിട്ട് കള്ളനും പോലീസും കളിക്കാനായി പുറത്തേക്ക് ഓടി. ആകപ്പാടെ ഒരു മണിക്കൂർ ആണ് ഉച്ചയ്ക്ക് ഇന്റർവെൽ. വേഗം കളി തുടങ്ങിയില്ലെങ്കിൽ പെട്ടെന്ന് സമയമൊക്കെ തീർന്നു പോകും...
കള്ളനും പോലീസും കളിയിൽ ഞാൻ വിരുതനാണ്. പെട്ടെന്ന് തന്നെ എല്ലാവരെയും ഓടിച്ചിട്ട് പിടിക്കും. സ്കൂളിലെ സ്പോർട്സ് ടീമിന്റെ ചുമതലയുള്ള സെലീന മിസ്സ് ഗ്രൗണ്ടിലൂടെ നടന്നു പോകുമ്പോൾ ഞാൻ മിസ്സിന്റെ മുന്നിലൂടെ റോക്കറ്റ് പോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടും. എന്റെ ഓടാനുള്ള കഴിവ് അങ്ങനെ തിരിച്ചറിഞ്ഞ് ഒരിക്കൽ മിസ്സ് സ്കൂൾ സ്പോർട്സ് ടീമിൽ എടുക്കും എന്ന് എനിക്ക് ഉറപ്പാണ്.
ഇപ്പോൾ തന്നെ മിസ്സ് ചെറിയൊരു ആരാധനയോട് കൂടെയാണ് എന്നെ നോക്കുന്നത്...
കുറച്ചുനേരം ഓടിക്കളിച്ചപ്പോൾ എനിക്ക് വലിയ ദാഹം തോന്നി. സ്കൂളിന്റെ പിന്നിലായാണ് കുടിവെള്ളത്തിന്റെ ടാപ്പുകൾ. ഉച്ചഭക്ഷണം കഴിച്ച കുട്ടികളെല്ലാവരും കൂടി അവിടെ വന്ന് ടിഫിൻ ബോക്സ് കഴുകുന്നത് കാരണം അവിടെ മുഴുവൻ നിറച്ചും വെള്ളം തളംകെട്ടി കിടക്കുകയായിരിക്കും. ടൗണിൽ നിന്ന് വരുന്ന കുട്ടികൾ, വെള്ളത്തിൽ ഒന്നും ചവിട്ടാതെ സൂക്ഷിച്ചു നടന്നു പോകും. ഞാനും ബിബുക്ലീറ്റസും കൂടി ടീച്ചർമാർ ഒന്നും നോക്കുന്നില്ല എന്ന് ഉറപ്പുവരുത്തിയിട്ട് വെള്ളത്തിൽ കാലിടിപ്പിച്ച് ചെളിവെള്ളം മൊത്തം അവിടെയും ഇവിടെയും തെറിപ്പിക്കും...
ബിബുക്ലീറ്റസ് വെള്ളം തെറിപ്പിക്കുമ്പോൾ "പഡോ" എന്ന് ശബ്ദം കേൾക്കും! ഞാൻ തെറിപ്പിക്കുമ്പോൾ മാത്രം "പ്ലസ്ക്" എന്നാണ് കേൾക്കുക..
അങ്ങനെ വെള്ളത്തിൽ ചാടി മറിഞ്ഞു ചെളി തെറിപ്പിച്ച് കൊണ്ടിരുന്നപ്പോൾ പെട്ടെന്ന് പിന്നിൽ നിന്ന് ഒരു വിളി.
"ഡാ ഡെന്നിസേ!...."
ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് ഞങ്ങളുടെ സ്കൂളിലെ പ്രായമുള്ള ആയയെ ആണ്. കറുത്ത, പൊക്കം കുറഞ്ഞ, വെളുത്ത ചട്ടയും മുണ്ടും ഉടുക്കുന്ന, എപ്പോഴും ചൂടാകുന്ന ചിരിക്കാത്ത ഒരു 60 വയസ്സ് എങ്കിലും ഉള്ള അവരെ ഞങ്ങൾക്കെല്ലാവർക്കും വലിയ പേടിയാണ്....
"നീ ഇവിടെ വാ. " അവർ എന്നെ നോക്കി കൈകാട്ടി വിളിച്ചു...
ഞാൻ നോക്കിയപ്പോൾ ബിബു ക്ലീറ്റസ് കിണറിന്റെ അരികുപറ്റി കുനിഞ്ഞ് ഓടിമറയുന്നു. ഈശ്വരാ! അവൻ രക്ഷപ്പെട്ടു, ഞാൻ പെട്ടു...
കഴിഞ്ഞ ആഴ്ച അസംബ്ലിയിൽ ഞങ്ങളുടെ പ്രിൻസിപ്പൽ ആന്റണി ടോപ്പോൾ അച്ഛൻ വൃത്തിയുടെയും ശുചിത്വത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് വലിയൊരു ക്ലാസ് എടുത്തതാണ്. ആരുമറിയാതെ അവിടെയും ഇവിടെയും മൂത്രമൊഴിച്ചുവയ്ക്കുന്ന കുട്ടികളെകുറിച്ചും, ചെളി തെറിപ്പിക്കുന്ന കുട്ടികളെക്കുറിച്ചും അദ്ദേഹത്തിന് ഒട്ടും മതിപ്പില്ല എന്ന് അന്ന് എനിക്ക് മനസ്സിലായതാണ്...
ആയ ഇപ്പോൾ എന്നെ കൊണ്ടുപോകുന്നത് പ്രിൻസിപ്പൽ അച്ഛന്റെ മുറിയിലേക്ക് ആയിരിക്കും. ഇനിയിപ്പോൾ മതിലിൽ മൂത്രമൊഴിച്ച് വയ്ക്കുന്നതും എന്റെ തലയിലാകും..
എന്നെ സ്കൂളിൽ നിന്ന് പിരിച്ചുവിടും. കുറഞ്ഞത് അച്ഛനെ സ്കൂളിലേക്ക് വിളിപ്പിക്കും. എന്റെ തല ചുറ്റി. സ്പോർട്സ് ടീമിൽ ഒന്നും ഞാൻ ഇനി ഒരിക്കലും കയറി പറ്റില്ല...
ഞാൻ പേടിച്ച് വിറച്ച് അടുത്തുചെന്നപ്പോൾ, ആയ തലയുയർത്തി എന്റെ മുഖത്ത് നോക്കിയിട്ട്, കൈകൾ ഉയർത്തി എന്റെ വലത് ചെവിയിൽ പിടിച്ചു തിരിച്ചു...
"വാ! എന്റെ കൂടെ", എന്നുപറഞ്ഞുകൊണ്ട് അവർ എന്റെ ചെവിയിൽ നിന്ന് കൈ വിടുപിക്കാതെ നടന്നു തുടങ്ങി. ഞാൻ മുഖം വക്രിച്ച്കൊണ്ട്, തല ചരിച്ച്, കുനിഞ്ഞ് അവരോടൊപ്പം നടന്നു...
പീലാത്തോസിന്റെ കൊട്ടാരത്തിലേക്ക് വിചാരണയ്ക്കായി കൊണ്ടുപോകുന്ന യേശുക്രിസ്തുവിന്റെ കഥ എപ്പോഴോ എന്റെ അമ്മൂമ്മ എനിക്ക് പറഞ്ഞു തന്നത് എന്തുകൊണ്ടോ അപ്പോൾ എന്റെ മനസ്സിൽ വന്നു...
പക്ഷേ ഞാൻ പ്രതീക്ഷിച്ച കാര്യമല്ല നടന്നത്! സത്യം പറഞ്ഞാൽ നമ്മൾ പ്രതീക്ഷിക്കുന്ന കാര്യങ്ങൾ എപ്പോഴാണ് നമുക്ക് ജീവിതത്തിൽ നടന്ന് കിട്ടിയിട്ടുള്ളത്?
ജീവിതം എപ്പോഴും ട്വിസ്റ്റുകൾ നിറഞ്ഞതാണല്ലോ. അന്നും ഇന്നും..
ഈശ്വരാ!
( കഥയുടെ അടുത്ത ഭാഗം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പേജ് സന്ദർശിച്ച് വായിക്കാവുന്നതാണ്
)
Denis Arackal ©